ശബരിമല യുവതീപ്രവേശന വിധിയിലൂടെ ഭരണഘടനയുടെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയായിരുന്നു സുപ്രീംകോടതി. എങ്കിലും കേരളത്തിൽ വിധിക്ക് വിശ്വാസി- അവിശ്വാസി തർക്കം എന്ന രാഷ്ട്രീയ പരിവർത്തനം സംഭവിച്ചു. ഇന്ന് ഇടതുപക്ഷം ഒരു വശത്തും യു.ഡി.എഫും ബി.ജെ.പിയും മറുവശത്തും എന്നതാണ് സ്ഥിതി. വിവാദമൂർദ്ധന്യത്തിൽ ഇടതുപക്ഷത്തിന്റെ സുചിന്തിതമായ നിലപാട് കേരളകൗമുദിയുമായി പങ്കുവയ്ക്കുകയാണ് സി.പി.എമ്മിന്റെ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അശാസ്ത്രീയ ചിന്തകൾക്കും കീഴടങ്ങുന്ന പ്രശ്നമില്ലെന്നും അങ്ങനെ വന്നാൽ പാർട്ടി നശിക്കുമെന്നും എസ്.ആർ.പി പറഞ്ഞു. പുരോഗമനാശയങ്ങളും ശാസ്ത്ര ചിന്തകളും ഉയർത്തിപ്പിടിക്കാനായി സി.പി.എമ്മും ഇടതുമുന്നണിയും ഉറച്ചു നിൽക്കുമെന്നതാണ് നിലപാട്.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി തകർത്ത് അവിടേക്ക് കടന്നുകയറാനുള്ള തന്ത്രമാണോ ബി.ജെ.പിയുടേത് എന്ന ചോദ്യത്തിന് കോൺഗ്രസിനെയല്ല, സി.പി.എമ്മിനെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്നായിരുന്നു എസ്.ആർ.പിയുടെ നിരീക്ഷണം. 'ഹിന്ദു സമുദായാംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതിൽ വിള്ളൽ വീഴ്ത്തി ഇല്ലാതാക്കി കടന്നുകയറാമെന്നാണ് ആർ.എസ്.എസ് ചിന്ത. അതനുവദിക്കില്ല. ഇപ്പോഴുണ്ടായിട്ടുള്ള ആശയക്കുഴപ്പത്തെ മറികടക്കാനാകും. പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല'- എസ്.ആർ.പി പറഞ്ഞു.
? ശബരിമല സമരത്തെ എങ്ങനെ കാണുന്നു
ഇത് വിശ്വാസം സംരക്ഷിക്കാനുള്ള സമരമല്ല. ബി.ജെ.പിയുടെ രാഷ്ട്രീയസമരമാണ്. അവർക്ക് കേരളത്തിലൊരിടം നേടാൻ ഇതുവരെ കഴിഞ്ഞില്ല. ഇപ്പോൾ ചെറിയൊരു കൺഫ്യൂഷൻ ജനങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. അതിനെ ഉപയോഗപ്പെടുത്തി കേരളത്തിൽ കടന്നുവരാനുള്ള രാഷ്ട്രീയനീക്കമാണ്. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പിന്നിൽ അണിനിരന്നിട്ടുള്ള വിശ്വാസികളിൽ ഒരു വിഭാഗത്തെ തങ്ങളോടൊപ്പം കൊണ്ടുവരാനാണ് ശ്രമം. കോൺഗ്രസാകട്ടെ, മണ്ടന്മാർ, അവരുടെ കെണിയിൽ വീണുപോയി. ക്ഷേത്രപ്രവേശനത്തിന്റെ തുടർച്ചയാണിപ്പോഴും. പ്രമാണിമാരുടെ ഇടയിൽ പൂജാരികളായി ദളിതരെയും പിന്നാക്കക്കാരെയും നിശ്ചയിക്കുന്നു. ദേവസ്വം നടത്തിപ്പുകാരായി തീരുമാനിക്കുന്നു. ഇതിനോട് സവർണ മേധാവിത്വത്തിന് ശക്തമായ എതിർപ്പുണ്ട്. ആ എതിർപ്പ് ഇന്ന് പരസ്യമായി പറയാൻ പ്രയാസമുണ്ട്. അതുകൊണ്ട് മതവിശ്വാസത്തിന്റെ പേരിൽ നടത്തുന്നു. പടിപടിയായുള്ള പ്രചാരവേലയിലൂടെ ഇതിനെ നേരിടാനാവും. തന്ത്രിക്കും ക്ഷത്രിയപ്രമാണിമാർക്കുമെല്ലാം സ്ഥാനമാനം നഷ്ടപ്പെടുമോയെന്ന ഭയമാണ്. അതുകൊണ്ടാണ് വികാരപരമായി, വിശ്വാസത്തിന്റെ പേര് പറഞ്ഞ് അവർ മുന്നിൽ നിൽക്കുന്നത്.
? പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധിയോട് തുടക്കത്തിലുണ്ടായ അനുകൂലപ്രതികരണങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പേഴ്സണൽസ്റ്റാഫിലിരുന്ന സി.പി.എം അനുഭാവിയായ പന്തളം രാജകുടുംബാംഗം പോലും എതിർത്ത് നിൽക്കുന്നു. ഭീഷണിയായി തോന്നുന്നുണ്ടോ
ഒരു ഭീഷണിയുമല്ല. യാഥാസ്ഥിതിക മനോഭാവത്തിനെതിരായ പോരാട്ടത്തിലൂടെയാണ് കേരളം പുരോഗതി നേടിയത്. ഇന്നിപ്പോൾ ഈ വിധി വന്നപ്പോൾ യാഥാസ്ഥിതിക മനോഭാവക്കാരിൽ കൺഫ്യൂഷനുണ്ടായി. ഇതിനെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത് താത്കാലികമാണ്.
? വിധിയെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിച്ച സ്ത്രീസമൂഹത്തിനിടയിൽ നിന്നുതന്നെ വൻതോതിലുള്ള എതിർപ്പ് പ്രത്യക്ഷപ്പെടുന്നത്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നീങ്ങുമ്പോൾ വെല്ലുവിളിയല്ലേ
ബോധപൂർവം യാഥാസ്ഥിതിക മനോഭാവവും അനാചാരങ്ങളും വളർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ്. ആർത്തവത്തിലിരിക്കുന്ന സ്ത്രീ കളങ്കിതയാണെന്നത് എത്ര അശാസ്ത്രീയമായ ധാരണയാണ്. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ് ആർത്തവം. മനുഷ്യസമൂഹത്തിന്റെ നിലനില്പിന്റെ അടിത്തറയാണത്. കഴിഞ്ഞ കാലത്തിന്റെ ഒട്ടേറെ അശാസ്ത്രീയ ധാരണകൾ ഇന്നും സമൂഹത്തിലുണ്ട്. ഇതിനെ ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി രാഷ്ട്രീയമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ഇതിനെ നേരിടാനാവും. ദൈവവിശ്വാസത്തിന്റെ പ്രശ്നം ഇതിനകത്ത് ഉദ്ഭവിക്കുന്നില്ല. അവർ പറയുന്നത് മതവിശ്വാസം ഭരണഘടനയ്ക്കും രാജ്യത്തെ നിയമസംഹിതയ്ക്കും ഉപരിയാണെന്നാണ്. അതാണ് മതാധിഷ്ഠിത രാഷ്ട്രം. ഇതൊരു പ്രത്യേക ബ്രാൻഡ് മതമെന്ന് പറയുന്നു. അതംഗീകരിച്ചുകൊടുത്താൽ ഇന്ത്യ ഉണ്ടാവില്ല. ജനാധിപത്യവും ഭരണഘടനയും നിയമസംഹിതയുമുണ്ടാവില്ല. മുമ്പ് സതിയുടെ കാര്യത്തിലിത് പറഞ്ഞു. മൃഗബലിയുടെ കാര്യത്തിൽ പറഞ്ഞു. ഒരു കാലത്തുണ്ടായിരുന്ന നരബലിയുടെ കാര്യത്തിലും പറഞ്ഞിട്ടുണ്ടാകാം.
?സ്ത്രീസമൂഹം വലിയതോതിൽ സമരമുഖത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചോ?
ഈ വിധിയുണ്ടായത് കേരളത്തിലെ ഏതെങ്കിലും ജനകീയപ്രസ്ഥാനത്തിന്റെ ഭാഗമായല്ല. ഡൽഹിയിലുള്ള, ആർ.എസ്.എസിലും ബി.ജെ.പിയിലും ഉൾപ്പടുന്നവരടക്കമുള്ള അഭിഭാഷകർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണത്. ഇത് രാജ്യത്തിന്റെ ഭരണഘടനാപരമായ കാര്യമാണ്. കേരളത്തിലെ എല്ലാ പ്രോഗ്രസീവ് വിഭാഗവും ഇതിനൊപ്പം നിന്നു. പുരോഗമന ജനവിഭാഗം തീർച്ചയായും കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകളിൽ ഒരു ചെറിയ വിഭാഗത്തിനാണ് എതിർപ്പ്. പരിശോധിച്ച് നോക്കൂ ചില സാമൂഹ്യവിഭാഗങ്ങളിലെ ചെറിയ വിഭാഗം മാത്രമാണത്. കേരളത്തിലെ സ്ത്രീസമൂഹത്തിൽ മഹാഭൂരിപക്ഷവും ഇതിനകത്തുണ്ടെന്ന് പറയുന്നത് ഒട്ടും ശരിയല്ല. ഒരു മൈക്രോസ്കോപ്പിക്കൽ മൈനോറിറ്റി മാത്രമാണ് വന്നത്.
? ചില ഓൺലൈൻ മാദ്ധ്യമങ്ങളും മറ്റും സർവേ ഫലമെന്ന പേരിൽ 80 ശതമാനം ജനവികാരവും സർക്കാരിനെതിരെയാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട്
സർവേകൾ ഒക്കെ കബളിപ്പിക്കലാണ്. തിരഞ്ഞെടുപ്പ് സർവേ എന്നത് ഇപ്പോൾ ഒരു രാഷ്ട്രീയപ്രചരണമായി മാറിയിട്ടുണ്ട്. നാട്ടിലെ മഹാഭൂരിപക്ഷത്തിന്റെ പിന്തുണ ഞങ്ങൾക്കുണ്ട്. ഒരു സംശയവുമില്ല, ഈ നടപടിക്ക് പിന്തുണയുണ്ടാവും. ചരിത്രത്തെ പിന്നോട്ട് നടത്തിക്കാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കാനാവില്ല. ക്ഷേത്രപ്രവേശനമൊക്കെ 1936ൽ കിട്ടി. അതിന്റെ പിറകോട്ട് കൊണ്ടുപോകാനാണ് ശ്രമം. അതിനെ നേരിട്ടുകൊണ്ട് മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാനാകൂ. അവിടെയും ഇവിടെയുമുള്ള ഒട്ടേറെ അശാസ്ത്രീയധാരണകളെ ഉപയോഗപ്പെടുത്താനാണ് ഇരുട്ടിന്റെ ശക്തികൾ ശ്രമിക്കുന്നത്. ഈ ശക്തികൾക്കെതിരായി വെളിച്ചം കൊണ്ടുവരാനുള്ള പരിശ്രമമാണ്. വളരെ സാവകാശത്തോടെ, സമചിത്തതയോടെ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനും മുമ്പോട്ട് കൊണ്ടുവരാനും ശ്രമിക്കും. ഈ ക്ഷേത്രത്തിൽ 1991വരെ യുവതികൾ കയറിക്കൊണ്ടിരുന്നതാണ്. ഇത് പൊളിറ്റിക്കലി മോട്ടിവേറ്റഡാണ്. അശാസ്ത്രീയധാരണകളിലും അനാചാരങ്ങളിലും നിന്ന് കൊണ്ട് അതിലൊക്കെ വിശ്വസിക്കുന്ന ജനങ്ങളെ പ്രയോജനപ്പെടുത്താനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. അവരുടെ കെണിയിൽ വീണ കോൺഗ്രസ് നാളെ വലിയ വില കൊടുക്കേണ്ടി വരും.
? ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ഇടതുപക്ഷത്തിന് ഏറ്റവും നിർണായകമായ സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ നീക്കങ്ങൾ ഞാണിന്മേൽ കളിയാവുമോ?
ഒരിക്കലുമില്ല. ബി.ജെ.പി ഇതിൽ പരാജയപ്പെടാൻ പോവുകയാണ്. കേരളത്തിലെ പ്രബുദ്ധമായ സമൂഹം ഇതംഗീകരിക്കാൻ പോകുന്നില്ല. കാര്യങ്ങൾ ആളുകൾ മനസിലാക്കി വരുന്നുണ്ട്. അതുകൊണ്ട് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനമാണ് ശാസ്ത്രത്തിന്റെയും പുരോഗമനാശയങ്ങളുടെയും നേതൃത്വം എന്നത് കേരളത്തിൽ എസ്റ്റാബ്ലിഷ് ചെയ്ത് കഴിഞ്ഞു. ഇത് ഞങ്ങളുടെ ഏറ്റവും വലിയ കരുത്താണ്.
? എൻ.എസ്.എസ് പോലുള്ള സമുദായസംഘടനകളടക്കം നേതൃത്വം കൊടുത്ത് സമരം തീക്ഷ്ണമാക്കിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങൾക്ക് 50 ശതമാനത്തിലേറെ ജനങ്ങളുടെ പിന്തുണ കേരളത്തിലിനിയും കിട്ടിയിട്ടില്ല. അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങളെ എതിർക്കുന്ന കേരളത്തിലെ വിഭാഗം ഞങ്ങൾക്കെതിരായി നീങ്ങുന്നുണ്ട് . തീർച്ചയായും ഈ പുരോഗമന, ശാസ്ത്രീയ നിലപാടെടുത്തു കൊണ്ട് മാത്രമേ നമ്മുടെ ലക്ഷ്യമായ ഭൂരിപക്ഷ ജനതയുടെ പിന്തുണയുള്ള പ്രസ്ഥാനമായി ഞങ്ങൾക്ക് വളരാനാവൂ. ഇന്ന് ഞങ്ങൾക്ക് ആ ഭൂരിപക്ഷമായിട്ടില്ല.
? വിശ്വാസത്തിന്റെ പ്രശ്നമുയർത്തി നിൽക്കുന്ന കോൺഗ്രസിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഇതിലൂടെ ആർജിക്കാനാകില്ലേ? മുസ്ലിംലീഗ് ഒക്കെ കോൺഗ്രസിനൊപ്പം ശക്തമായ പ്രചാരണത്തിലാണ്
ഒരിക്കലും അങ്ങനെ കരുതുന്നില്ല. മതവിശ്വാസമാണ് ഭരണഘടനയ്ക്കും നിയമസംഹിതയ്ക്കും ഉപരിയെന്ന് വന്നുകഴിഞ്ഞാലെന്താണ് സ്ഥിതി. ബി.ജെ.പിയും ആർ.എസ്.എസും ബാബറി മസ്ജിദിന്റെ കാര്യത്തിൽ അതാണ് പറയുന്നത്. രാമക്ഷേത്ര വിഷയം എന്തിന് കോടതി ചർച്ച ചെയ്യണമെന്നാണ് ചോദ്യം. വിശ്വാസം കോടതി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല എന്നതാണ്. അതിനെയാണിപ്പോൾ ലീഗും പരോക്ഷമായി സഹായിക്കുന്നത്. അത് പൊളിറ്റിക്കലി അനുകൂലമെന്ന് പറയാം. നാളെ അവർ ബോദ്ധ്യപ്പെട്ട് തിരുത്തുമായിരിക്കും. ഇതെല്ലാം ഇടതുജനാധിപത്യ മുന്നണിയോടുള്ള രാഷ്ട്രീയ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ സംഘടിത നീക്കം മാത്രമാണ്. അത് ദുർബലപ്പെടുമെന്നാണ് പ്രതീക്ഷ.
? ഇടത് പ്രചാരണപരിപാടികൾ പ്രതീക്ഷ നൽകുന്നുണ്ടോ?
ആളുകളെ ബോദ്ധ്യപ്പെടുത്താനാകുന്നുണ്ട്. കൂടുതലാളുകളെ ബോദ്ധ്യപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമാണ് ഇതുവരെയുള്ള പ്രചാരണപ്രവർത്തനങ്ങൾ നൽകുന്നത്.
? സർക്കാരിന്റെ നീക്കം ഒരു രാഷ്ട്രീയ ചൂതാട്ടം പോലെയായെന്ന് വിലയിരുത്തുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്
ബി.ജെ.പി - ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഇത് ചൂതാട്ടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷപ്രസ്ഥാനത്തെയും സംബന്ധിച്ച് ഇത് പുരോഗമനാശയങ്ങളോടുള്ള പ്രതിബദ്ധതയാണ്. ഒരു കാരണവശാലും കീഴടങ്ങില്ല. കീഴടങ്ങിയാൽ ഞങ്ങൾ നശിക്കും. പുരോഗമനാശയങ്ങളുടെ പ്രശ്നം വരുമ്പോൾ തിരഞ്ഞെടുപ്പിന്റെ ലാഭമല്ല നോക്കുക. പുരോഗമനാശയങ്ങൾക്കും ശാസ്ത്രീയചിന്തകൾക്കും അനുകൂലമായിട്ടാകും നിലപാടെടുക്കുന്നത്. അതിനായിരിക്കും അന്തിമ വിജയം.
? ഇടത് ഘടകകക്ഷികളെ ഇതിനപ്പുറമുള്ള ഏതെങ്കിലും ആശങ്കകൾ അലട്ടിയാൽ.
അങ്ങനെ ആർക്കും ഉണ്ടാകാനിടയില്ലാത്തതാണ്. പഴയ യാഥാസ്ഥിതികത്വത്തിന്റെ ഭാരം പേറുന്ന ആർക്കെങ്കിലും സംശയമുണ്ടാകും. മഹാഭൂരിപക്ഷവും ആ സംശയമില്ലാത്തവരാണ്. ഇക്കാര്യത്തിൽ കീഴടങ്ങിയാൽ, കേരളം പുരോഗതിയിലേക്കെത്താൻ എത്ര കാലം കാത്തിരിക്കണം എന്നതാണ് ചോദ്യം.
?വിധി വന്നയുടനെ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന ആക്ഷേപങ്ങളുണ്ട്
അത് ദുരാരോപണമാണ്. വിധി നടപ്പാക്കാൻ ഭരണഘടനാപരമായ ബാദ്ധ്യതയുണ്ട്. ആ ബാദ്ധ്യത നിർവഹിക്കും. അതിനപ്പുറം ഞങ്ങളൊന്നും ചെയ്തിട്ടില്ല. ക്ഷേത്രം തുറക്കുന്ന പ്രശ്നം പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാണ് പിന്നീടുണ്ടാവുന്നത്. അതിനിടയിൽ ഞങ്ങളെന്ത് ധൃതി കാട്ടിയെന്നാണ് ഭരണഘടനാ ബാദ്ധ്യത നിർവഹിക്കാനാവില്ല എന്ന് ഞങ്ങൾക്ക് പറയാനാകില്ല. രാഷ്ട്രീയമായ ദുരാരോപണത്തിന് ന്യായം കണ്ടെത്താനുള്ള വാദം മാത്രമാണിത്.
?കോൺഗ്രസ് ഇത്തരമൊരു നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ
കോൺഗ്രസ് എപ്പോഴും ആടിക്കളിക്കുന്നവരാണ്. മൃദുഹിന്ദുത്വസമീപനമാണ് വടക്കേ ഇന്ത്യയിലാകെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ്. ആ മൃദുഹിന്ദുത്വസമീപനമാണ് വടക്കേയിന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമായത്. കേരളത്തിലാണ് അല്പമെങ്കിലും ജനപിന്തുണയും രാഷ്ട്രീയപാർട്ടി എന്ന പ്രതിച്ഛായയുമൊക്കെ അതിനുള്ളത്. അതും കളഞ്ഞുകുളിക്കുകയാണ്.
?രാഹുൽഗാന്ധി വിധിയെ പരസ്യമായി സ്വാഗതം ചെയ്തു
അതേയതെ. കേരളത്തിലെ നേതൃത്വം അത് കളഞ്ഞുകുളിക്കാൻ ശ്രമിക്കുന്നു.