police-attack

നെയ്യാറ്റിൻകര: ബി.ജെ.പിയും കേരള കാമരാജ് കോൺഗ്രസും നെയ്യാറ്റിൻകര താലൂക്കിൽ ഇന്നലെ ആഹ്വാനം ചെയ്‌ത ഹർത്താൽ സമാധാനപരമായിരുന്നു. ബസ് സ്റ്റാൻഡ്, ആലുംമൂട്, കൊടങ്ങാവിളയുൾപ്പെട്ട ഗ്രാമീണ മേഖലയിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഹർത്താൽ അനുകൂലികൾ റോഡിന് കുറുകെ ബൈക്കുകൾ വച്ചതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ബി.ജെ.പി തിങ്കളാഴ്‌ച അർദ്ധ രാത്രിയോടെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു. എന്നാൽ ഇന്നലത്തെ ഹർത്താലിൽ ബി.ജെ.പി പങ്കെടുത്തിരുന്നില്ല.

ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ നാമജപ ഉപവാസം നടക്കുന്നതിനാൽ ഹർത്താലിനോടനുബന്ധിച്ച് പ്രകടനമോ പൊതുയോഗമോ നടത്തിയില്ല. നെയ്യാറ്റിൻകരയിലും കൊടങ്ങാവിളയിലും ശക്തമായ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു.

ഡിവൈ.എസ്.പി വന്നത് മൊഴിയെടുക്കാൻ

ഡിവൈ.എസ്.പി ഹരികുമാറും താനുമായി സാധാരണ സൗഹൃദമുള്ളതൊഴിച്ചാൽ മറ്റൊരു ബന്ധവുമില്ലെന്ന് കൊടങ്ങാവിള സ്വദേശി ബിനു പറയുന്നു. ഡിവൈ.എസ്.പിയുടെ ശത്രുക്കൾ തന്നെ ഈ കേസുമായി മനഃപൂർവം ബന്ധപ്പെടുത്തുകയാണ്. ബി. ഹരികുമാറുമായുള്ള ചില കേസുകളിൽ തന്നെ കൂടി സാക്ഷിപ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മൊഴി നൽകണമെന്നാവശ്യപ്പെട്ടാണ് ഡിവൈ.എസ്.പി ഒന്നു രണ്ട് പ്രാവശ്യം വീട്ടിൽ എത്തിയതെന്നും അല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബിനു പറയുന്നു. ഡിവൈ.എസ്.പി തിങ്കളാഴ്ച ബിനുവിന്റെ വീട്ടിൽ വന്നുമടങ്ങവേയാണ് സനൽകുമാറുമായി വാക്കുതർക്കമുണ്ടായത്.