leprosy

തിരുവനന്തപുരം: കുഷ്ഠരോഗം ബാധിച്ചവരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയരാക്കാൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ലെപ്രസി വിംഗിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുന്നു. ഡിസംബർ അഞ്ചു മുതൽ 18 വരെ എട്ടു ജില്ലകളിൽ ഓരോ വീട്ടിലും ഒരു ആശാവർക്കറും പരിശീലനം കിട്ടിയ മെയിൽ വോളന്റിയറും സന്ദർശനം നടത്തും. കുഷ്ഠത്തിന്റെ ലക്ഷണങ്ങളുള്ളവർ ഇവരോട് കാര്യങ്ങൾ തുറന്നുപറയണമെന്ന് സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ. പ ത്മലത അറിയിച്ചു. രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ നിഷ്പ്രയാസം ചികിത്സിച്ച് ഭേദമാക്കാം. ഏപ്രിൽ മുതൽ സെപ്തംബർ വരെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 273 പേർക്ക്‌ കുഷ്ഠരോഗബാധ കണ്ടെത്തിയിരുന്നു. ഇതിൽ 21 പേർ കുട്ടികളാണ്. 32 പേരിൽ കണ്ടെത്തിയത് അംഗവൈകല്യമുള്ള കുഷ്ഠരോഗവും.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഗൃഹസന്ദർശനം നടത്തുക. രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാൽ ആ വീടിന്റെ സമീപത്തുള്ള 300 വീടുകളും ആരോഗ്യവകുപ്പ് പ്രതിനിധികൾ സന്ദർശിച്ച് വിവരശേഖരണം നടത്തും. വൈകല്യത്തോടെയുള്ള കുഷ്ഠരോഗവും കുട്ടികളിലെ കുഷ്ഠരോഗവുമാണ് ഇപ്പോൾ പ്രതിസന്ധിയുണ്ടാക്കുന്നത്. നാഡികളെ മാത്രം ബാധിക്കുന്ന ഈ വിഭാഗത്തിന് സാധാരണ കുഷ്ഠത്തിന്റെ ലക്ഷണങ്ങൾ കാണാറില്ല. 2017- ലെ കുഷ്ഠരോഗ നിവാരണ വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് കുട്ടികളിലെ രോഗബാധിതരുടെ വർദ്ധനയും വൈകല്യങ്ങളോടെയുള്ള കുഷ്ഠരോഗികളുടെ എണ്ണത്തിലെ വർദ്ധനയും ശ്രദ്ധയിൽപ്പെട്ടത്.

കുഷ്ഠരോഗം പൂർണമായി നിയന്ത്രണവിധേയമായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 2005 ൽ വീട്ടിൽ ചെന്നുള്ള പരിശോധന അവസാനിപ്പിച്ചിരുന്നു.