കുറ്റിച്ചൽ : കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ ഡ്യൂട്ടി പരിഷ്‌കരണം മൂലം മലയോരമേഖലയായ കുറ്റിച്ചലിൽ ഗതാഗത പ്രശ്നം രൂക്ഷമായി. കാട്ടാക്കട, ആര്യനാട്, കിഴക്കേക്കോട്ട ഡിപ്പോകളിൽ നിന്നാണ് കുറ്റിച്ചലിലേക്ക് സർവീസുകൾ നടത്തുന്നത്. പുലർച്ചെയുണ്ടായിരുന്ന സർവീസുകൾ നിറുത്തലാക്കിയതാണ് കുറ്റിച്ചലുകാരുടെ ദുരിതത്തിന് കാരണം.
പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന പരുത്തിപ്പള്ളി സ്റ്റേ ബസാണ് ആദ്യം നിറുത്തലാക്കിയത്. പുലർച്ചെ 4.15ന് പരുത്തിപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഉണ്ടായിരുന്ന ഈ സർവീസിനെ ആശ്രയിച്ചാണ് സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവർ പോലും വിദൂര യാത്രകൾ നടത്തിയിരുന്നത്. രാവിലെ 5.15നുള്ള ട്രെയിനിൽ കയറാനുതകുന്ന വിധമായിരുന്നു ഈ ബസ് സർവീസ്. കോട്ടൂരിലേക്ക് തച്ചൻകോട് വഴി ഉണ്ടായിരുന്ന പല സർവീസുകളും നിറുത്തലാക്കി. രാവിലെയും വൈകിട്ടും മാത്രമാണ് സർവീസുള്ളത്.
കിഴക്കേക്കോട്ടയിൽ നിന്നും തിരിച്ച് രാവിലെ 7.15ന് ഉണ്ടായിരുന്ന സർവീസും ഇപ്പോൾ സ്ഥിരമല്ല. ദിനം പ്രതി നാല് സർവീസുകൾ നടത്തിയിരുന്ന ഈ ബസ് ചിലപ്പോൾ ഒറ്റത്തവണകൊണ്ട് സർവീസ് നിർത്തുകയാണ് പതിവെന്ന് യാത്രക്കാർ പറയുന്നു.
വൈകിട്ട് 5ന് തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി കുറ്റിച്ചലിലേക്ക് ഉണ്ടായിരുന്ന സർവീസും കൃത്യമായി നടക്കുന്നില്ല. ഉള്ള ദിവസങ്ങളിലാകട്ടെ ഇടയ്ക്ക് ആര്യനാട്ട് വച്ച് സർവീസ് മുടക്കും.
വൈകിട്ട് 5ന് തമ്പാനൂരിൽ നിന്നും കോട്ടൂരിലേക്കുള്ള കാട്ടാക്കട ഡിപ്പോയിലെ ബസും ഇപ്പോൾ കൃത്യത പാലിക്കുന്നില്ല.
കോട്ടൂർ ആദിവാസി മേഖലയായ ചോനാംപാറ സെറ്റിൽമെന്റിൽ നിന്നും രാവിലെ 7.15ന് ഉണ്ടായിരുന്ന ബസ് നിറുത്തിയതോടെ സെറ്റിൽമെന്റുകളിൽ നിന്നും വിദൂര സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികൾ പഠനം നിറുത്തേണ്ട സ്ഥിതിയിലാണ്. ബസ് സ്ഥിരമായി നിറുത്തിയതോടെ ആദിവാസികൾ സംഘടിച്ച് സെറ്റിൽമെന്റിൽ വച്ച് ബസ് ഉപരോധിച്ചതോടെ സർവീസ് പുനരാരംഭിച്ചു. എന്നാൽ ഇടയ്ക്കിടയ്ക്ക് സർവീസ് മുടങ്ങുന്നതായും പരാതിയുണ്ട്.
സർവീസുകൾ വൈകുന്നു
വൈകിട്ട് 5.15ന് തമ്പാനൂരിൽ നിന്നും കാട്ടാക്കട, കുറ്റിച്ചൽ ആര്യനാട് വിതുരവഴിയുള്ള ആര്യനാട് ഡിപ്പോയിലെ ബസ് പല ദിവസങ്ങളിലും സർവീസ് നടത്താറില്ലെന്നാണ് യാത്രാക്കാരുടെ പരാതി. ഈ ബസ് പ്രതീക്ഷിച്ച് തമ്പാനൂരിൽ എത്തുന്നവർക്ക് ചിലപ്പോൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ഈ ബസ് ഒരു മണിക്കൂറോളം വൈകിയാണ് യാത്ര തിരിച്ചത്. തന്മൂലം വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ നേരം ഇരുട്ടിയാലേ വീടെത്തൂ എന്ന സ്ഥിതിയാണ്.
ഡ്യൂട്ടി പരിഷ്കരണം വില്ലനായി
കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ പേരിലാണ് ആദിവാസി മേഖലയിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്. സമയത്തിന് ബസ് ലഭിക്കാത്തത് മൂലം കോട്ടൂർ അഗസ്ത്യവന മേഖലയിലേയും ഉൾ പ്രദേശങ്ങളിലേയും വിദ്യാർത്ഥികളും ജോലിക്കാരും ബുദ്ധിമുട്ടിലായിരിക്കയാണ്. ആദിവാസി മേഖലയിലേയ്ക്ക് വന്യമൃഗങ്ങളെ ഭയന്ന് സന്ധ്യകഴിഞ്ഞ് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.