തിരുവനന്തപുരം : ദുരന്തങ്ങൾ അസുഖങ്ങളുടെ രൂപത്തിൽ തന്നെ വീഴ്‌ത്താൻ ശ്രമിക്കുമ്പോഴും ജീവിക്കണമെന്ന ആഗ്രഹമാണ് മലയിൻകീഴ് അരുവിപ്പാറ കുഴിത്താലംകോട് മേക്കുകര അനിൽഭവനിൽ ഹർഷകുമാറിനെ (43) നയിക്കുന്നത്. ജന്മനാ ഹൃദ്രോഗിയാണ്. കൂലിപ്പണിയെടുത്താണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത്.
ഇതിനിടെ സമൂഹ വിവാഹത്തിലൂടെ ബിന്ദു എന്ന പെൺകുട്ടിയെ തന്റെ 28-ാം വയസിൽ ഹർഷകുമാർ ജീവിതസഖിയാക്കി. ഇവരുടെ സന്തോഷകരമായ ജീവിതത്തിലേക്ക് പിന്നെയും വിധി കരിനിഴൽ വീഴ്‌ത്തി. വൃക്കരോഗമായാണ് ഹർഷകുമാറിനെ ഇപ്പോൾ തളർത്തുന്നത്. രോഗം തിരിച്ചറിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ആദ്യം മനപൂർവം ചികിത്സ ഒഴിവാക്കി. എന്നാൽ അസുഖത്തിന്റെ തീവ്രത ഏറിയതോടെ സർക്കാരാശുപത്രികളിൽ പോയി താത്കാലിക ശമനത്തിനുള്ള മരുന്ന് കഴിച്ച് ദിവസങ്ങൾ തള്ളിനീക്കി. ഒടുവിൽ രോഗം മൂർച്ഛിച്ചു. ഇതോടെ പണിക്ക് പോകാൻ കഴിയാതായി. കടുംബം പട്ടിണിയുടെ വക്കിലുമായി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യം റെസ്‌പേറ്ററി വിഭാഗത്തിലും പിന്നീട് വൃക്ക രോഗവിഭാഗത്തിലും ചികിത്സ തേടി. സ്‌കാനിംഗിലൂടെ വൃക്കയിലെ തകരാർ ഗുരുതരമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. കൂടുതൽ ചികിത്സ വേണമെന്നും അവർ നിർദ്ദേശിച്ചു. എന്നാൽ അവിടെയും സാമ്പത്തികം വില്ലനായി. നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാത്ത ഇവർക്ക് ഭാരിച്ച ചികിത്സാ ചെലവ് അപ്രാപ്യവുമായി. എന്നാൽ തന്റെ ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകൾ കനിയുമെന്നാണ് ഹർഷകുമാറിന്റെ ഉറച്ച വിശ്വാസം. അതിനായി ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ അക്കൗണ്ടും തുറന്നു.നമ്പർ : 15490100109335.ഐ.എഫ്.എസ്.സി:എഫ് ഡി ആർ.എൽ 0001549.ഫോൺ:7025485473.