photo

ബാലരാമപുരം: വെടിവെച്ചാൻകോവിൽ പുന്നമൂട് റോഡിലെ വെള്ളക്കെട്ട് രൂക്ഷമായപ്പോഴാണ് ലക്ഷങ്ങൾ ചെലവാക്കി റോഡിൽ ഓട നിർമ്മിച്ചത്. എന്നിട്ടും വെള്ളക്കെട്ട് പഴയതുപോലെ തന്നെ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുന്നമൂട് റോഡ് വെള്ളത്തിൽ മുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പുന്നമൂട് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഐ.ബി. സതീഷ് എം.എൽ.എ ഇടപെട്ട് റോഡിൽ ഓട നിർമ്മിക്കുന്നതിനും ഇന്റർലോക്കിനും 23 ലക്ഷം രൂപ നൽകിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ നിർമ്മാണം അശാസ്ത്രിയമാണെന്ന് അന്നുതന്നെ നാട്ടുകാർ അരോപിച്ചിരുന്നു. ജെ.സി.ബി കൊണ്ട് റോഡ് വെട്ടിപ്പെളിച്ചാണ് ശിവാലയക്കോണം ഏലായിലേക്ക് ഓടയിലെ വെള്ളം ഒഴുക്കിവിടുന്നത്. ഓടനിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ സ്വകാര്യവ്യക്തിയും ഒരു വിഭാഗം ആൾക്കാരും രംഗത്തെത്തിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തോളം തടസ്സപ്പെട്ടിരുന്നു. പുതിയ ഓടയിൽ നിന്നുള്ള മലിനജലം പഴയ ഓടയുമായി ബന്ധിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം രേഖാമൂലം മരാമത്ത് അധികൃതർക്ക് കൈമാറിയതിനെ തുടർന്ന് വീണ്ടും പണികൾ പു:നരാരംഭിച്ചത്. ഓടക്ക് പുറമേ പുന്നമൂട് റോഡിൽ 50 മീറ്റർ ഭാഗം ഇന്റെർലോക്ക് ചെയ്യുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഓടനിർമ്മാണം പൂർത്തിയായതോടെ ഫണ്ട് മുഴുവനും ചെലവഴിക്കപ്പെട്ടതിനാൽ ഇന്റെർലോക്ക് ഒഴിവാക്കുകയായിരുന്നു. ഓടയിലെ വെള്ളം ശിവാലയക്കോണം ഏലായിലേക്ക് ഒഴുക്കിവിടുന്നതിലേക്കായി കലുങ്ക് നിർമ്മാണത്തിനാണ് കൂടുതൽ ഫണ്ട് ചെലവഴിച്ചത്.

നിർമ്മാണത്തിന് അനുപതിച്ചതുക: 23 ലക്ഷം

വെള്ളക്കെട്ട് മാറ്റണമെന്ന് നാട്ടുകാർ

പുന്നമൂട് റോഡിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു. വെള്ളക്കെട്ട് വീണ്ടും പഴയസ്ഥിതിയിലേക്ക് മാറിയെന്നും റോഡ് പൊട്ടിപ്പൊളിഞ്ഞതു കാരണം വാഹനങ്ങൾ തെന്നിവീഴുന്നതും പതിവായിരിക്കുകയാണ്. ഉദ്യോഗസ്ഥർ അടിയന്തിരമായി സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് ശാശ്വതപരിഹാരം കാണുന്നതോടൊപ്പം റോഡ് ടാർ ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു.