ആറ്റിങ്ങൽ : ദേശീയപാതയിൽ മാമം പാലത്തിനു സമീപം കെ.എസ്.ആർ ടി.സി ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു അപകടം. ആറ്റിങ്ങൽ സ്വദേശികളായ സുനിത (35), അമ്പിളി (38), അനു (25), വിജിത (31) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കടയിൽ നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ബസും, നിലമേൽ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടം നടന്നയുടൻ ആറ്റിങ്ങൽ ട്രാഫിക് എസ്.ഐ ജയേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.