നെടുമങ്ങാട് : ശബരിമല ദർശനത്തിൽ സ്ത്രീ വിവേചനം അരുതെന്ന സുപ്രീംകോടതി വിധിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് നിയോജകമണ്ഡലം വനിതാ അസംബ്ലി സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വം നൽകിയ അസംബ്ലിയിൽ വിവിധ വനിതാ സംഘടനകളുടെ ഭാരവാഹികളും വനിതാ പൊതു പ്രവർത്തകരും അണിനിരന്നു. നഗരസഭാ അങ്കണത്തിൽ നിന്ന‌് പ്രകടനമായാണ് ആയിരത്തിലധികം വരുന്ന വനിതകൾ ടൗൺ ഹാളിലെത്തിയത‌്.വനിതാ അസംബ്ലിയിൽ മുൻ എം.എൽ.എ ജെ.അരുന്ധതി സ്പീക്കറുടെ ചുമതല വഹിച്ചു.ഡോ.എ സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു.മുൻ നഗരസഭ ചെയർപേഴ്‌സൺ ലേഖാ സുരേഷ് സ്വാഗതം പറഞ്ഞു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം.ജി മീനാംബിക ‘സ്ത്രീകളും ശബരിമലയും'എന്ന വിഷയം അവതരിപ്പിച്ചു. ‘തദ്ദേശ സ്ഥാപനങ്ങളും സ്ത്രീകളുടെ പ്രവർത്തനങ്ങളും'എന്ന വിഷയത്തിൽ പുഷ്പലത ക്ലാസ് നയിച്ചു. വനിതാ സംവരണ ബിൽ പാർലമെന്റ‌് അംഗീകരിക്കുന്നതു സംബന്ധിച്ചുള്ള പ്രമേയം വി.അമ്പിളി അവതരിപ്പിച്ചു. ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച് എ.ഷീലജ പ്രമേയം അവതരിപ്പിച്ചു. രാധാദേവി, കെ.ഗീതാകുമാരി, ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.