dgp
ലോക്നാഥ്ബെഹറ

തിരുവനന്തപുരം:നിലയ്‌ക്കൽ മുതൽ സന്നിധാനം വരെ കാവൽ നിന്ന തോക്കേന്തിയ കമാൻഡോകളെയും ദ്രുതകർമ്മസേനയെയും പൊലീസിനെയും കബളിപ്പിച്ച് വനപാതയിലൂടെ എത്തിയ 500 പേരാണ് ഇന്നലെ സന്നിധാനത്ത് അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

തുലാമാസപൂജയ്‌ക്കിടെ അക്രമം നടത്തിയവരും കൂട്ടത്തിലുണ്ട്. ഇന്നലെ അക്രമം നടത്തിയവരാരും പമ്പവഴി വന്നവരല്ലെന്നും ഒരു കാമറയിലും ഇവരുടെ മുഖം പതിഞ്ഞിട്ടില്ലെന്നും എ.ഡി.ജി.പി അനിൽകാന്ത് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയാതെ ഇത്രയുംപേർ കാനനപാതയിലൂടെ എത്തിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് ആസ്ഥാനം അറിയിച്ചു.

കാനന പാതയിൽ പൊലീസിനെ വിന്യസിച്ചിരുന്നില്ല. വനംവകുപ്പിന്റെ അനുമതിയില്ലാതെ കാനന പാതയിൽ പരിശോധനയോ പൊലീസ് പിക്കറ്റോ സാദ്ധ്യമല്ല. ദർശനം ഒരു ദിവസം മാത്രമായതിനാൽ വന്യമൃഗങ്ങളുള്ള കാനനപാതയിലൂടെ പ്രതിഷേധക്കാർ എത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. മണ്ഡലകാലത്ത് വനംവകുപ്പിന്റെ അനുമതിയോടെ കാനനപാത നിയന്ത്രണത്തിലാക്കാനാണ് പൊലീസ് പദ്ധതി.

കാനനപാതയിലൂടെ എത്തിയവർ ദർശനത്തിനുശേഷം സന്നിധാനത്ത് തങ്ങുകയായിരുന്നു. ദേവസ്വം മുറികളും ഡോർമിറ്ററികളും ശൗചാലയങ്ങളും പൂട്ടി ഇവരെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രം പാളി. നെയ്യഭിഷേകം നടത്താതെ മലയിറങ്ങില്ലെന്ന് ഇവരെല്ലാം വാശിപിടിച്ചതോടെ പൊലീസ് വലഞ്ഞു.

പ്രതിഷേധക്കാരെ നേരിടാനുള്ള പദ്ധതികൾ പാളിയെന്നാണ് പൊലീസ് ആസ്ഥാനം വിലയിരുത്തുന്നത്. മണ്ഡലകാലത്തെ സുരക്ഷയുടെ പരീക്ഷണമാണ് നടത്തിയതെങ്കിലും പാളിച്ചകൾ മുഴച്ചുനിന്നു.നടതുറന്ന് ആറുമണിക്കൂർ തികയുംമുൻപ് ശബരിമലയുടെ നിയന്ത്രണം പ്രതിഷേധക്കാർ കൈപ്പിടിയിലാക്കി.

മാദ്ധ്യമപ്രവർത്തകർക്കും ദർശനത്തിനെത്തിയ സ്ത്രീകൾക്കും നേരെ കൈയേറ്റമുണ്ടായി. മണിക്കൂറുകളോളം സംഘർഷം തുടർന്നിട്ടും സന്നിധാനത്ത് വിന്യസിച്ച 1300ലേറെ പൊലീസിന് ഒന്നും ചെയ്യാനായില്ല. ആക്രമണം ഭയന്ന് കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞുകയറിയ ദൃശ്യമാദ്ധ്യമപ്രവർത്തകനെ പ്രതിഷേധക്കാർ കസേരയും നാളീകേരവും എറിഞ്ഞു. പതിനെട്ടാംപടി പ്രതിഷേധക്കാർ കൈയടക്കി. വനിതകൾക്കൊപ്പമെത്തിയവർക്ക് മർദ്ദനമേറ്റു. പമ്പമുതൽ സന്നിധാനംവരെ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങൾ പൊലീസിനുമുന്നിൽ തമ്പടിച്ചു. ഐ.ജി എം.ആർ.അജിത്കുമാർ നോക്കിനിൽക്കേ,പൊലീസ് മൈക്കിലൂടെ, ആർ.എസ്.എസ് നേതാവ് വത്സൻതില്ലങ്കേരി ഭക്തരെ നിയന്ത്രിക്കാൻ പ്രസംഗിച്ചതും ആർ.എസ്.എസ് നേതാക്കളുമായി പൊലീസ് അനുനയചർച്ച നടത്തിയതും സുരക്ഷാ പദ്ധതി പാളിയതിന്റെതെളിവാണ്. സുരക്ഷാപദ്ധതി മെച്ചപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ നൽകാൻ എ.ഡി.ജി.പിമാർമുതൽസി.ഐമാർ വരെയുള്ളവരോട് ഡി.ജി.പി ലോക്‌നാഥ്ബെഹറ ആവശ്യപ്പെട്ടു.

ബലപ്രയോഗം പറ്റില്ല: ഡി.ജി.പി ബെഹറ

ദർശനത്തിനെത്തുന്നവർക്ക് ആത്മവിശ്വാസമുണ്ടാക്കാനാണ് ഇത്രയും സേനയെ വിന്യസിച്ചത്. സന്നിധാനത്ത് പൊലീസ്‌ നടപടി പ്രയാസമാണ്. കാനനപാതയിലൂടെ ഓടാൻപറ്റില്ല. ഭക്തർ വീണുപോകും. വലിയ അത്യാഹിതങ്ങളുണ്ടാകും. അറസ്റ്റ്ചെയ്യുന്നവരെ പമ്പയിലെത്തിക്കുന്നതും ശ്രമകരം. പ്രതിഷേധങ്ങൾ പൂർണമായി ഇല്ലാതാക്കാനുള്ള മാർഗ്ഗം കണ്ടെത്തണം. സമവായത്തിന് പലതലത്തിലുള്ള സഹായം തേടും. പൊലീസ് മാത്രമല്ല, എല്ലാവകുപ്പുകളും ചേർന്നാലേ പഴുതുകൾ അടയ്ക്കാനാവൂ. 16മുതൽ സുരക്ഷാസംവിധാനം മാറും.

എന്താണ് പോംവഴി

1)പൊലീസിന് മാത്രം കാര്യങ്ങൾ നിയന്ത്രിക്കാനാവാത്തതിനാൽ സമവായമുണ്ടാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാം

2) 48 മണിക്കൂറിനകം ദർശനം പൂർത്തിയാക്കി മലയിറങ്ങണമെന്ന നിർദ്ദേശത്തിന് നിയമസാധുത ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കാം

3)അറസ്റ്റ് ചെയ്യുന്ന പ്രശ്‌നക്കാരെ പമ്പയിലെത്തിക്കാൻ ബുദ്ധിമുട്ട്. സുരക്ഷയുള്ള കെട്ടിടങ്ങളിൽ പാർപ്പിക്കണം

4)പൊലീസ് വിന്യാസം കുറച്ച്, മഫ്‌തിയിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കാം, കാമറ, ഡ്രോൺ, ഹെലികോപ്‌റ്റർ നിരീക്ഷണം ശക്തമാക്കാം

5)നിലയ്ക്കൽ മുതൽ സന്നിധാനം വരെ സെക്ടറുകളാക്കി എസ്.പിമാരുടെ നേതൃത്വത്തിൽ ശക്തമായ നിയന്ത്രണങ്ങൾ.