kodi

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ ഏത് സ്ത്രീയെയും തടയാനും കടന്നാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്ക് ആർ.എസ്.എസ് നീങ്ങിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇത് ശരിയാണോയെന്ന് സ്ത്രീ സമൂഹവും വിശ്വാസ സമൂഹവും ജനാധിപത്യ വിശ്വാസികളും ചിന്തിക്കണം. സുപ്രീംകോടതി വിധിക്ക് മുമ്പ് വരെ 50 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് യഥേഷ്ടം ശബരിമലയിൽ പോകാമായിരുന്നു. എന്നാലിപ്പോൾ സ്ത്രീകളാരും ശബരിമലയിൽ വരേണ്ടെന്നാണ് നിലപാട്. ശബരിമല ദർശനത്തിനെത്തിയ 52 വയസുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ സന്നിധാനത്ത് തടയുകയും മർദ്ദിക്കുകയും ചെയ്തത് ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് നാട്ടിൽ കലാപമുണ്ടാക്കാനാണ്. കുട്ടിക്ക്‌ ചോറ് കൊടുക്കാനാണ് തൃശൂർ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണ് തടഞ്ഞുവയ്ക്കുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തത്. അയ്യപ്പ ദർശനത്തിന് ആന്ധ്രയിൽ നിന്നെത്തിയ 50 കഴിഞ്ഞ സ്ത്രീകളെയും ഇരുമുടിക്കെട്ട് ഇല്ലെന്ന് പറഞ്ഞ് സംഘപരിവാർ സംഘടനകൾ തടയുകയായിരുന്നു.

വിശ്വാസികളുടെ പേരിൽ ശബരിമല സന്നിധാനത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതാണ്. ആർ.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അജൻഡയനുസരിച്ചാണ് അക്രമിസംഘം ശബരിമലയിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.