pangode

പാങ്ങോട്: പാങ്ങോട് ബസ് സ്റ്റാൻഡിനുള്ളിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായി മാസങ്ങളായെങ്കിലും പ്രവർത്തനക്ഷമമാക്കാൻ നടപടികളാകുന്നില്ല. ലക്ഷങ്ങൾ മുടക്കി ഒരു വർഷം മുൻപാണ് പഞ്ചായത്ത് പ്രദേശത്തെ ബസ് സ്റ്റാൻഡും പരിസരങ്ങളും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്. പിന്നാലെ അവയിൽ പകുതിയും പ്രവർത്തന രഹിതമാവുകയായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ബസ് സ്റ്റാൻഡും അതിനോട് ചേ‌ർന്ന പഞ്ചായത്ത് മാർക്കറ്റും ഇരുട്ടിലാണ്. നാട്ടുകാരും സ്ഥലത്തെ വ്യാപാരികളും വാ‌ർഡ് മെമ്പറോടും ബന്ധപ്പെട്ട അധികൃതരോടും ഇക്കാര്യം പല തവണ ധരിപ്പിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവത്രെ. പാങ്ങോട് പബ്ളിക് മാർക്കറ്റ് കോംപൗണ്ടിനുള്ളിലാണ് ബസ് സ്റ്റാൻ‌ഡും സ്ഥിതി ചെയ്യുന്നത്. ചന്തസമയം കഴിഞ്ഞാൽ ഇവിടെ ബസ് കാത്ത് നിൽക്കുന്നവർ അല്ലാതെ മറ്റാരും ഉണ്ടാകാറില്ല. മാർക്കറ്റിനുള്ളിലെ തെരുവ് വിളക്കുകളും പ്രവർത്തനരഹിതമാണ്. വൈകിട്ട് ആറ് മണിയാകുമ്പോൾ തന്നെ ഇവിടം ഇരുട്ടിലാകും. ഈ സമയങ്ങളിൽ സ്ത്രീകളും വിദ്യാർത്ഥികളും അടക്കം ഇവിടെ എത്തുന്ന യാത്രക്കാർക്ക് വീടുകളിലേയ്ക്ക് എത്താനുള്ള ബസ് വരുന്നതും പ്രതീക്ഷിച്ച് ഭയന്ന് നിൽക്കേണ്ട അവസ്ഥയാണ്. കേടായ വൈദ്യുതി വിളക്കുകൾ പ്രവർത്തന ക്ഷമമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.