dff
മഹാസാഗരം

തിരുവനന്തപുരം: നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവിലേക്ക് കേരളത്തിൽനിന്ന് മൂന്ന് നാടകങ്ങൾ. പ്രശാന്ത് നാരായണന്റെ 'മഹാസാഗരം', ശശിധരൻ നടുവിലിന്റെ 'ഹിഗ്വിറ്റ', ഹസീം അമരവിളയുടെ 'വീണ്ടും ഭഗവാന്റെ മരണം' എന്നിവയാണവ. അടുത്ത ഫെബ്രുവരി 1 മുതൽ 20 വരെ ന്യൂഡൽഹിയിലാണ് നാടകോത്സവം.
എം.ടി. വാസുദേവൻ നായരുടെ സാഹിത്യജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് മഹാസാഗരം. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖി അടക്കം മുപ്പതോളം നാടകങ്ങൾ രചിച്ച പ്രശാന്ത് നാരായണൻ ഗാനരചനയും ആവിഷ്‌കാരവും നിർവഹിച്ച നാടകമാണിത്. കളം നാടകപ്രസ്ഥാനമാണ് മഹാസാഗരം അവതരിപ്പിക്കുന്നത്.
കെ.ആർ. മീരയുടെ 'ഭഗവാന്റെ മരണം' എന്ന ചെറുകഥയെ ആധാരമാക്കി ഹസീം അമരവിള രചനയും സംവിധാനവുമൊരുക്കിയ നാടകമാണ്‌ കനൽ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന 'വീണ്ടും ഭഗവാന്റെ മരണം'. ശശിധരൻ നടുവിലിന്റെ 'ഹിഗ്വിറ്റ' എൻ.എസ്. മാധവന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ രംഗാവിഷ്കാരമാണ്. കഥയിൽ നടക്കാൻ സാദ്ധ്യതയുള്ള സംഭവങ്ങൾ കൂട്ടിച്ചേർത്തുള്ള ആഖ്യാനമാണ് ഹിഗ്വിറ്റയുടേത്. ഫുട്‌ബാൾ കളിയുടെ പശ്ചാത്തലത്തിൽ തുറന്ന വേദിയിൽ അരീനാ തിയേറ്റർ സങ്കല്പത്തിലാണ് ഹിഗ്വിറ്റയുടെ അവതരണം.