rameshchenithala

തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങളെ തടയാൻ ശ്രമിക്കാതെ ഒത്താശ ചെയ്യുകയാണ് സംസ്ഥാന സർക്കാർ ഇത്തവണയും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിലെ നിയന്ത്രണം പൊലീസിന് തന്നെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും പൊലീസിന് ഒരു നിയന്ത്രണവും ഇല്ലായിരുന്നു. ആർ.എസ്.എസും ബി.ജെ.പിയും സംഘപരിവാറിലെ മറ്റ് ശക്തികളും ശബരിമലയെയും സന്നിധാനത്തെയും കൈയടക്കി അവിടത്തെ ശാന്തിയും സമാധാനവും ചവിട്ടി മെതിച്ചു.
എല്ലാ സന്നാഹങ്ങളും ഒരുക്കുകയും വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തുവെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും പൊലീസിന് ഒന്നും ചെയ്യാനായില്ലെന്ന് മാത്രമല്ല ആർ.എസ്.എസിനും ബി.ജെ.പിക്കും ഒത്താശ ചെയ്യേണ്ടിയും വന്നു.
ആർ.എസ്.എസ് നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തി. പതിനെട്ടാം പടിയിലേക്ക് ഓടിക്കയറി എന്ന് മാത്രമല്ല തിരിഞ്ഞു നിൽക്കുകയും ചെയ്ത് പരിപാവനമായ പതിനെട്ടാം പടിയെ അപമാനിച്ചു. 50 വയസ്സ് കഴിഞ്ഞ ഭക്തകളെ പോലും തടഞ്ഞ് ഭീഷണിപ്പെടുത്തി മർദ്ദിച്ചു. ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞ് മറ്റ് ഭക്തരെയും ആക്രമിച്ചു.
മാദ്ധ്യമ പ്രവർത്തകരെ പല തവണയാണ് ആക്രമിച്ചത്. പൊലീസ് നോക്കി നിൽക്കുക മാത്രമായിരുന്നു.
ആസൂത്രിതമായ അക്രമമാണ് ശബരിമലയിൽ ബി.ജെ.പി, ആർ.എസ്.എസ്,സംഘപരിവാർ ശക്തികൾ നടത്തിയത്.
പൊലീസ് ഇതെല്ലാം കണ്ടു നിന്നു. പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാൻ ആർ.എസ്.എസ് നേതാവിനെ അനുവദിച്ചതും ലജ്ജാകരമായി.
ശബരിമലയിൽ വിശ്വാസികളുടെ വിശ്വാസം കാക്കുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള തുറന്നുപറഞ്ഞത് കഴിഞ്ഞ ദിവസം പുറത്തു വന്നതാണ്. എന്നിട്ടും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതലെടുപ്പ് തടയാൻ സർക്കാർ തയ്യാറായില്ല. ഇത് സി.പി.എം- ബി.ജെ.പി കള്ളക്കളി പുറത്തു കൊണ്ടു വരുന്നു. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.