നെടുമങ്ങാട് : ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പട്ടികജാതി യുവതിയുടെ വീട് തകർത്ത് ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും അലമാരയിൽസൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും ചെയ്തെന്ന് പരാതി. ആനാട് പുത്തൻപാലം മെത്തോട് വാടക വീട്ടിൽ താമസക്കാരിയായ സജിമോളാണ് നെടുമങ്ങാട് പൊലീസിന് പരാതി നല്‍കിയത്.

കഴിഞ്ഞ 29 നു കണ്ടാലറിയാവുന്ന ഒമ്പതംഗ സംഘം വീട്ടിൽ അതിക്രമിച്ചു കടന്ന് സജിമോളെ മർദ്ദിക്കുകയും മകനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. മത്സ്യ വില്പനക്കാരനായ ഭർത്താവിനെയും കൈയേറ്റം ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജിമോൾ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ തകർത്തതായും ടിവി, അലമാര എന്നിവ നശിപ്പിച്ച നിലയിലും കണ്ടത്. 30,000 രൂപ കളവുപോയിട്ടുണ്ട്. വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മക്കളുമായി പനയ്‌ക്കോട്ടെ ബന്ധുവിട്ടിൽ അഭയം തേടിയിരിക്കുകയാണെന്നും പരാതി നൽകി പത്തുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ പറയുന്നു.കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും കേരള സാംബവസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് വെമ്പായം വർഗീസും സെക്രട്ടറി ഭരതന്നൂർ ബാബുജിയും അറിയിച്ചു.