തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ സമ്മതപത്രം ഒപ്പിടാതെ ചില ജീവനക്കാർ മുങ്ങി നടക്കുന്നതിനാൽ സെക്രട്ടേറിയറ്രിലെ വിവിധ വകുപ്പുകളിൽ ശമ്പളം മുടങ്ങി.ധനകാര്യവകുപ്പിലെ 700 ഓളം ജീവനക്കാരിൽ പകുതിയോളം പേർക്കുംശമ്പളം മുടങ്ങി. കഴിഞ്ഞ തവണ ശമ്പളം പിടിച്ചവരിൽ സമ്മത പത്രം നൽകാത്തവരിൽ നിന്ന് സമ്മതപത്രം വാങ്ങിക്കാൻ അധികൃതർ ശ്രമിച്ചതോടെയാണ് പലരും ലീവെടുത്ത് മുങ്ങിയത്. സമ്മതപത്രം നൽകിയില്ലെങ്കിൽ അവരെ ചലഞ്ചിൽ നിന്നൊഴിവാക്കിയാണ് ഡി.ഡി.ഒ മാർ ട്രഷറിയിൽ ബില്ല് സമർപ്പിക്കേണ്ടത്. എന്നാൽ അതിന് പകരം ഇവർ ജോലിക്ക് വരുന്നതുവരെ കാത്തിരുന്നു അവരിൽ സമ്മർദ്ദം ചെലുത്തി സമ്മത പത്രം വാങ്ങിക്കാനാണ് ശ്രമം. ഇതോടെ ഒന്നാംതിയതി ശമ്പളം കിട്ടേണ്ട സെക്രട്ടേറിയറ്രിലെ ധനകാര്യവകുപ്പ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇന്നുവരെ ശമ്പളം കിട്ടിയില്ല. സുപ്രീംകോടതി വിധി വന്നതോടെ സലറി ചലഞ്ചിൽ നിന്ന് പിന്മാറുന്നവരെ തടയിടുവാനുള്ള ഭരണകക്ഷിയൂണിയനുകളുടെ ശ്രമമാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്ര് എംപ്ളോയിസ് സംഘ് ആരോപിച്ചു. ശമ്പളം കിട്ടാൻ ജീവനക്കാർ സമരം ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്ന് സെക്രട്ടേറിയറ്ര് എംപ്ലോയിസ് സംഘ് പ്രസിഡന്റ് കെ.ബി.വിനോദ് കുമാറും ജനറൽ സെക്രട്ടറി ടി.ഐ അജയകുമാറും മുന്നറിയിപ്പു നൽകി.