തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 46-ാം ചരമവാർഷികദിനമായ ഇന്ന് ആർ. ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ സ്മൃതിസംഗമം സംഘടിപ്പിക്കും. ആർ. ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണം, ആർ. ശങ്കർ പുരസ്‌കാര സമർപ്പണം എന്നിവ നടക്കും. 14 ജില്ലകളിലും അനുസ്മരണ പരിപാടികളുമുണ്ട്. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 8.30ന് പാളയം യുദ്ധസ്മാരകത്തിന് സമീപമുള്ള ആർ. ശങ്കർ പ്രതിമയിൽ നടക്കുന്ന പുഷ്പാർച്ചന എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ, തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, എൻ. ശക്തൻ, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, മൺവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുക്കും.
9.30ന് മസ്കറ്റ് ഹോട്ടലിലെ സൊനാറ്റ ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ മൂന്നാമത് ആർ. ശങ്കർ പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് നൽകും. ഡോ. ശശി തരൂർ എം.പി ആർ. ശങ്കർ അനുസ്മരണവും മുഖ്യപ്രഭാഷണവും നടത്തും. ഏറ്റവും മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രൻ എം.പി, സാമൂഹ്യപ്രവർത്തകനും നിംസ് എം.ഡിയുമായ ഫൈസൽഖാൻ, ദാമോദരൻ ബോംബെ എന്നിവരെ ആദരിക്കും. സി. ദിവാകരൻ എം.എൽ.എ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, നെയ്യാറ്റിൻകര സനൽ, വിജയൻ തോമസ് എന്നിവർ പങ്കെടുക്കും.