നെയ്യാറ്റിൻകര: കാക്കിയുടെ തിളപ്പിൽ ഡിവൈ.എസ്.പി ഹരികുമാർ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനൽ കാർ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകൻ ആൽബിനും രണ്ടരവയസുള്ള മകൾ അലനുമാണ്. ഇലക്ട്രിക്കൽ, പ്ളംബിംഗ് ജോലികൾ ചെയ്തിരുന്ന സനൽ കുടുംബത്തിന്റെ അത്താണിയായിരുന്നു.
സനലിന്റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജൻ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തിൽ നിന്ന് കരകയറും മുൻപാണ് അടുത്ത ദുരന്തം. സോമരാജന്റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്‌ത് സനൽ പുതിയ വീട് നിർമ്മിച്ചു. അടുത്തിടെ ഒരു ആൾട്ടോ കാറും വാങ്ങി.
കൊടങ്ങാവിള സ്വദേശിയും ജുവലറി ഉടമയുമായ ബിനുവിന്റെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഡിവൈ.എസ്.പിയുടെ കാറിനടുത്താണ്, സനൽ കാർ കൊണ്ടിട്ടത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു സനൽ. രാത്രി പത്തിന് ബിനുവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിവന്ന ഡിവൈ.എസ്.പി തന്റെ കാർ എടുക്കാനായി സനലിനോട് കാർ മാറ്റാൻ ആവശ്യപ്പെട്ടു. സനൽ കാർ മാറ്റുന്നതിനിടെ, ഡിവൈ.എസ്.പി ഓടിയെത്തി സനലിന്റെ ചെകിട്ടത്ത് അടിച്ച ശേഷം ഡോർ വലിച്ച് അടച്ചു. ഇതോടെ സനൽ കാർ മുന്നോട്ടെടുത്തിട്ടു. പിന്നാലെ അവിടേക്ക് ഓടിയെത്തിയ ഡിവൈ.എസ്.പി 'നീ ഇതേ വരെ പോയില്ലേടാ, നിന്നെ ഞാൻ കൊണ്ടു പോകാമെടാ' എന്ന് ആക്രോശിച്ച് സനലിനെ കാറിൽ നിന്ന് വലിച്ചിറക്കി. ചവിട്ടുകയും അടിക്കുകയും ചെയ്ത ശേഷം കൈ പിന്നിലേക്ക് പിടിച്ച് ഒടിച്ച ശേഷം റോഡിലേക്ക് ശക്തിയോടെ ചവുട്ടി തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു.
റോഡിലൂടെ വേഗതയിലെത്തിയ കാർ സനലിനെ ഇടിച്ചു വീഴ്‌ത്തി. സ്ഥലത്തെത്തിയ പൊലീസ്, സനലിന്റെ കൈയിൽ ബലമായി ചവിട്ടിപ്പിടിച്ചു. പൊലീസിന്റെ എമർജൻസി ജീപ്പിൽ എസ്.ഐ സന്തോഷ് കുമാർ, സനലിനെ നേരെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു.
മകനോട് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നാണ് അമ്മ രമണി വിലപിക്കുന്നത്.