jaleel

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽമാനേജർ തസ്തികയിലേക്ക് ആദ്യം അപേക്ഷിച്ചവരിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥി ഉണ്ടായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തൽ മന്ത്രി കെ.ടി. ജലീലിനെ കൂടുതൽ കുരുക്കിലാക്കി. കെ.ടി. അദീപിന്റെ നിയമനം റദ്ദാക്കി തലയൂരാനും സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജലീലുമായി വിഷയം ചർച്ച ചെയ്തേക്കും.

യോഗ്യതയുള്ളവരെ പിന്തള്ളി അഭിമുഖപരീക്ഷയിൽപോലും പങ്കെടുക്കാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിനും വകുപ്പുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

വിവാദമുണ്ടായ ഉടൻ മുഖ്യമന്ത്രി ടെലഫോണിൽ മന്ത്രി ജലീലിനെ ബന്ധപ്പെട്ടിരുന്നു. യോഗ്യതാമാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയില്ലെന്നാണ് മന്ത്രി അറിയിച്ചത്. ഡെപ്യൂട്ടേഷൻ വഴി എത്തുന്നത് ബന്ധുനിയമനമല്ലെന്നും റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. നേരിട്ടുള്ള നിയമനം മാത്രമേ ബന്ധുനിയമനമാകൂ എന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചു.

ആരോപണത്തിൽ തെരുവിൽ പ്രതിഷേധമുയർത്തി വന്നത് യൂത്ത് ലീഗ് മാത്രമായിരുന്നു. എന്നാൽ, ഇന്നലെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി. എ മജീദ് മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവും യു.ഡി.എഫ് കൺവീനറും കെ.പി.സി.സി പ്രസിഡന്റും ആദ്യദിവസം ജലീലിനെതിരെ രംഗത്ത് വന്നെങ്കിലും പിന്നീട് അവർ പ്രതികരിച്ചിട്ടില്ല. 9ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കാം. അതിന് മുമ്പ് ഉത്തരവ് റദ്ദാക്കുമോയെന്നത് വ്യക്തമല്ല.