03

പോത്തൻകോട് : പ്രളയ ദുരിതാശ്വാസ സഹായത്തിനായി റൂറൽ പോത്തൻകോട് പ്രസ് ക്ലബ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച കലാസന്ധ്യ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബി.എസ്. ഇന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ. സമ്പത്ത് എം.പി, മേയർ വി.കെ. പ്രശാന്ത്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻനായർ എന്നിവർ സംബന്ധിച്ചു. പ്രസ് ക്ലബിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ ചെക്ക് മന്ത്രിക്ക് കൈമാറി. ദേശീയ - സംസ്ഥാന അവാർഡുകൾ നേടിയ ആളൊരുക്കം സിനിമയുടെ സംവിധായകനും പത്രപ്രവർത്തകനുമായ വി.സി. അഭിലാഷ്, കവി വി. മധുസൂദനൻനായർ, അദ്ധ്യാപകനും ഗ്രന്ഥകർത്താവും കഥകളി സാഹിത്യകാരനുമായ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, നടൻ കഴക്കൂട്ടം പ്രേംകുമാർ, കെ.ജെ.യു ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാർ, സെക്രട്ടറി പി. സുരേഷ്ബാബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജീവൻഷാ സ്വാഗതവും ട്രഷറർ വിപിൻകുമാർ നന്ദിയും പറഞ്ഞു.