തിരുവനന്തപുരം: മണ്ണുകടത്തുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലെ മുഖ്യസാക്ഷിയായ ബിനുവിന്റെ വീട്ടിൽ നിന്നിറങ്ങി വന്നപ്പോഴാണ് ഡിവൈ.എസ്.പി ഹരികുമാർ യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിയിട്ടത്. ജുവലറി ഉടമയും കരാറുകാരനുമായ ബിനുവിന്റെ വീട്ടിൽ ഡിവൈ.എസ്.പിയുടെ നിത്യസന്ദർശനത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. എട്ടുമാസം മുമ്പ് ബിനുവിന്റെ അയൽവാസിയായ മണ്ണ് കടത്തുകാരനിൽ നിന്ന് ഡിവൈ.എസ്.പി കൈക്കൂലി വാങ്ങുന്നത് മറ്റൊരാൾ രഹസ്യമായി കാമറയിൽ പകർത്തി വിജിലൻസിന് കൈമാറിയിരുന്നു. ഈ കേസിൽ സാക്ഷിയാണ് ബിനു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി ബിനുവിന്റെ വീട്ടിൽ സന്ദർശനം പതിവാക്കിയത്.
നെയ്യാറ്റിൻകരയിൽ ചുമതലയേറ്റത് മുതൽ ബിനുവിന്റെ വീട്ടിൽ രാത്രികാലങ്ങളിൽ പലപ്പോഴും ഡിവൈ.എസ്.പി സ്വകാര്യ കാറിൽ വന്നുപോകാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയിൽ ഇവിടെ എത്തുന്ന ഡിവൈ.എസ്.പി ഏറെ നേരം ചെലവഴിച്ചിട്ടാണ് മടങ്ങാറുള്ളത്. ഇന്നലെ ഇവിടെയെത്തി മടങ്ങിപ്പോകുമ്പാൾ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്.