തിരുവനന്തപുരം : വാക്കുതർക്കത്തിനിടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ വാഹനത്തിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽകുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. കളക്‌ടറോ ആർ.ഡി.ഒയോ എത്താതെ പിന്മാറില്ലെന്ന് സമരക്കാർ നിലപാടെടുത്തതോടെ നെയ്യാറ്റിൻകര - തമിഴ്നാട് ദേശീയപാത മണിക്കൂറുകളോളം സ്‌തംഭിച്ചു. പൊലീസുമായുള്ള ചർച്ചയ്‌ക്ക് പ്രതിഷേധക്കാർ തയ്യാറായില്ല. തുടർന്ന് നെടുമങ്ങാട് ആർ.ഡി.ഒ സ്ഥലത്തെത്തി അനുനയചർച്ച നടത്തിയ ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സനൽകുമാറിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് മെഡിക്കൽ കോളേജിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയത്. പൊലീസ് അകമ്പടിയോടെ 3.30ന് വഴിമുക്ക് ജംഗ്ഷനിലെത്തിയ ആംബുലൻസിനെ നാട്ടുകാർ തടഞ്ഞു. തുടർന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ വാഹനം മൂന്നുകല്ലുംമൂട് ജംഗ്ഷനിലെത്തിയപ്പോൾ ആയിരത്തോളം വരുന്ന പ്രതിഷേധക്കാർ വാഹനത്തിന് ചുറ്റും വളഞ്ഞു.

കേൺഗ്രസ്, ബി.ജെ.പി, കാമരാജ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വാഹനത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്ത നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡി.ജി.പിയോ കളക്ടറോ സ്ഥലത്തെത്തി ചർച്ച നടത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. നാലു മണിക്ക് പ്രതിഷേധം ആരംഭിച്ചതു മുതൽ പൊലീസ് ഉദ്യോഗസ്ഥർ അനുരഞ്ജന ചർച്ചയ്‌ക്ക് തയ്യാറായെങ്കിലും പൊലീസുമായി സംസാരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. 6.15ന് നെടുമങ്ങാട് ആർ.ഡി.ഒ പി.കെ. വിനീത് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. സനൽകുമാറിന്റെ ഭാര്യയ്‌ക്ക് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നൽകണമെന്നും ഡിവൈ.എസ്.പി ഹരികുമാറിനെതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഭരണകൂടം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് രേഖാമൂലം ആർ.ഡി.ഒ എഴുതി നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. തുടർന്ന് 6.30ന് സനൽകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസെന്റ്, യുവജനകമ്മിഷൻ ചെയർപേഴ്സൺ ചിന്താജറോം, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. .സുരേഷ്, യൂത്ത്കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്, കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ പ്രതിഷേധക്കാരുമായി സംസാരിച്ചു.


പൊലീസിനോട് സന്ധിയില്ലാതെ സമരക്കാർ

പ്രതിഷേധം ആരംഭിച്ചതു മുതൽ പൊലീസ് അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. റൂറൽ എസ്.പി അശോക്‌കുമാർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ആക്രോശത്തോടെ പാഞ്ഞടുത്തു. സ്ഥിതി വഷളായതോടെ റൂറൽ എസ്.പി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് പോയി. സ്ഥലത്ത് എ.എസ്.പി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ വൻ സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും സമരക്കാർ പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി നിന്നു. ഇതോടെ പൊലീസ് ഏറെ അകലെ മാറി നിന്നു.


മുഖ്യമന്ത്രിക്ക് എം.എൽ.എ കത്തു നൽകും.

കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്‌ക്ക് ജോലിയും നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്തു നൽകുമെന്ന് കെ. ആൻസലൻ എം.എൽ.എ പറഞ്ഞു. സമാനമായ സംഭവങ്ങളിൽ ഇരയുടെ കുടുംബങ്ങൾക്ക് നൽകിയ സഹായം സനൽകുമാറിന്റെ കുടുംബത്തിനും ലഭ്യമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടും. എന്നാൽ ഇക്കാര്യം ഇന്നലെ എം.എൽ.എ അറിയിച്ചെങ്കിലും നാട്ടുകാർ പിന്തിരിഞ്ഞില്ല.