നെടുമങ്ങാട് : വാളിക്കോട് നിന്ന് ചന്തമുക്ക് വരെ തട്ടും മുട്ടും ഏൽക്കാതെ സഞ്ചരിച്ചാൽ ഉറപ്പായും നിങ്ങളെ സർക്കസിലെടുക്കും.അത്രയ്ക്ക് മെയ് വഴക്കമുണ്ടെങ്കിലെ നെടുമങ്ങാട് നഗരത്തിൽ വഴിനടക്കാനൊക്കൂ. ഞെരുങ്ങി നീങ്ങുന്ന വാഹനങ്ങൾക്കടിയിൽ പെടാതെ കാൽനടക്കാരന് വീട്ടിലെത്താൻ കഴിഞ്ഞാൽ ഭാഗ്യം. ഫുട്പാത്തുകളും റോഡിന്റെ വശങ്ങളിൽ ഓടകളും ഇല്ലാഞ്ഞിട്ടല്ല.എല്ലാം കൈയേറ്റക്കാരുടെ പിടിയിലാണ്.ബഹുനില മന്ദിരങ്ങൾ പോലും റോഡിലിറങ്ങി നിൽക്കുകയാണ്.ഇരുവശങ്ങളിലും വാഹന പാർക്കിംഗ് കൂടിയാവുമ്പോൾ കാൽനടക്കാർക്ക് ശരണം നടുറോഡ് തന്നെ.വേണാടിന്റെ രാജപാതയെന്നു പേരുകേട്ട സത്രംമുക്ക് മുതൽ ചന്തമുക്ക് വരെയുള്ള റോഡിൽ മലഞ്ചരക്ക് വിപണന കേന്ദ്രങ്ങളും വഴിവാണിഭക്കാരും തമ്മിൽ മത്സരമാണ്.കടകളുടെ മുന്നിൽ പാർക്ക് ചെയ്യുന്നതിന്റെ പേരിൽ കശപിശ പതിവ്. റോഡിൽ ഇറക്കി കട വച്ചാൽ വണ്ടി എവിടെ പാർക്ക് ചെയ്യുമെന്നാണ് ഡ്രൈവർമാരുടെ ചോദ്യം.ഇരുദിശകളിലും വാഹനമോടൻ വീതിയുണ്ടായിരുന്ന സൂര്യ റോഡിൽ ഇപ്പോൾ എതിരെ വരുന്ന ആളിനെ മുട്ടിയുരുമ്മാതെ നടക്കാൻ പോലും പറ്റില്ല. കച്ചേരിനട നിന്ന് സൂര്യ റോഡിലേക്കും ചന്തമുക്കിലേയ്ക്കും നിലവിൽ വൺവേ ക്രമീകരണമാണ്.കുപ്പക്കോണം-ഗേൾസ് സ്‌കൂൾ റോഡും വൺവേയാക്കി.എന്നിട്ടും റോഡിൽ ഒരു വാഹനത്തിന് കടന്നുപോകാനുള്ള സ്ഥലമില്ല.സത്രംമുക്ക്-പഴകുറ്റി റോഡിനെ കൈയേറ്റക്കാരുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്.നഗരസഭയുടെ മൂക്കിനു കീഴെ പോലും പുറമ്പോക്ക് കൈയേറ്റം പൊടിപൊടിക്കുകയാണ്. പുറമ്പോക്ക് കൈയേറിയുള്ള കെട്ടിടങ്ങളിൽ പലതിനും നഗരസഭ പെർമിറ്റ് ഇതുവരെ നൽകിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുമ്പോൾ നഗരസഭ അനധികൃതമായി നൽകിയ പെർമിറ്റാണ് കൈയേറ്റക്കാർക്ക് തണൽ.
പുറമ്പോക്ക് സർവേ സ്വപ്നത്തിൽ മാത്രം !
കൈയേറ്റക്കാർ നിരത്തുകൾ വിഴുങ്ങുമെന്ന് ഉറപ്പായതോടെ അടുത്തിടെ പുറമ്പോക്ക് ഒഴിപ്പിക്കാൻ നഗരസഭ ആലോചിച്ചു.അന്നു തന്നെ ചെറിയ പെട്ടിക്കടകളും ഷെഡുകളും പൊളിക്കാൻ ജെ.സി.ബിയും എത്തി.അപ്പോഴും പെർമിറ്റ് ഇല്ലാതെ കെട്ടിപ്പൊക്കിയ വമ്പൻ കെട്ടിടങ്ങൾക്ക് യാതൊരു കോട്ടവും തട്ടിയില്ല.പുതുതായി പെർമിറ്റ് ആവശ്യപ്പെട്ട് എത്തുന്നവർ നിലവിലെ കെട്ടിടങ്ങളുടെ മറവിൽ കോടതിയെ സമീപിക്കുന്നതാണ് സാഹചര്യം.ശരിയായ അളവ് കണ്ടെത്താൻ താലൂക്ക് സർവേയറോട് നഗരസഭ സെക്രട്ടറി ഉൾപ്പടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമില്ലെന്നാണ് ലഭിക്കുന്ന വിവരം.റവന്യൂ അധികൃതർ എല്ലാറ്റിനും മൂകസാക്ഷികളായി മൗനം പാലിക്കുകയാണ് പതിവെന്നും ആക്ഷേപമുണ്ട്.ഒരു ഡസനോളം വൻകിട കൈയേറ്റങ്ങൾ കച്ചേരി,ചന്തമുക്ക്,സൂര്യാ റോഡ്,കുപ്പക്കോണം, സത്രംമുക്ക്,ഗേൾസ് റോഡ്,വാളിക്കോട് എന്നിവിടങ്ങളിലായി നഗരസഭാ മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.പി.ഡബ്‌ള്യുയു.ഡി കൂടി പരിശോധിച്ച ശേഷമേ പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാവൂയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതിനാൽ നഗരസഭ അപേക്ഷ തടഞ്ഞുവെച്ചാൽ ആവശ്യക്കാരൻ മരാമത്ത് വകുപ്പിന്റെ അനുമതി പത്രം നേടി മുൻകൂർ ഹാജരാക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
""നിയമപരമാണെന്ന് പൂർണ്ണ ബോദ്ധ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമേ പെർമിറ്റ് നൽകിയിട്ടുള്ളൂ. അനധികൃതമായി പണിത നിരവധി കെട്ടിടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.എന്നാൽ,സർവേ നടപടികൾ പൂർത്തിയാവാത്ത സാഹചര്യത്തിൽ പൊളിച്ചു നീക്കാനായിട്ടില്ല''
ബീന എസ്.കുമാർ --നഗരസഭ സെക്രട്ടറി,നെടുമങ്ങാട്