bullet

തിരുവനന്തപുരം: വെടിയുണ്ടകൾക്ക് മുന്നിൽ പതറാതെ മാവോയിസ്റ്റുകളെയും തീവ്രവാദികളെയും ദേശവിരുദ്ധ ശക്തികളെയും തളയ്ക്കാൻ കേരള പൊലീസിന്റെ തണ്ടർ ബോൾട്ട് ഫോഴ്സിന് കൂടുതൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉടനെത്തും. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള തയ്യാറെടുപ്പിന്റെ പരിശീലനത്തിനിടെ തോക്ക് കൈമാറിയപ്പോൾ കഴിഞ്ഞവർഷം കമാൻഡോ സംഘാംഗത്തിന് വെടിയേറ്റ സാഹചര്യത്തിലാണ് ദുരന്തങ്ങൾ ഒഴിവാക്കാൻ മുൻകരുതലെന്ന നിലയിലും പോരാട്ടം ശക്തമാക്കാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. 100 ജാക്കറ്റുകളാകും വാങ്ങുക. 100 ജാക്കറ്റിന് ചെലവ് 1 കോടിയാണ്.

തണ്ടർ ബോൾട്ട്

തീവ്രവാദ ആക്രമണം മുതൽ വിമാന റാഞ്ചൽവരെ നേരിടാനുള്ള ഓപ്പറേഷനുകൾ നടപ്പിലാക്കാൻ ദേശീയ സുരക്ഷാ സേനയുടെ മാതൃകയിൽ കേരള പൊലീസ് രൂപീകരിച്ച 200 അംഗ കമാൻഡോ സംഘം. കായികക്ഷമത, വെടിവയ്ക്കുന്നതിലെ കൃത്യത, സാഹചര്യങ്ങൾക്കനുസരിച്ച് നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യം എന്നിവയിൽ കഴിവ് തെളിയിച്ചവരാണ് തണ്ടർബോൾട്ട് കമാൻഡോകൾ. ഇസ്രായേൽ സൈന്യത്തിന്റെ ആയോധന മുറയായ 'ക്രാവ് മാഗ ', കാട്ടിലെ യുദ്ധം എന്നിവയുൾപ്പെടെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഇവർക്ക് എ.കെ 47, ഇൻസാസ്, ടേവർ ടാർ തുടങ്ങിയ തോക്കുകൾ ഉപയോഗിക്കാനും പ്രാഗത്ഭ്യമുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് തണ്ടർബോൾട്ടിന്റെ വിന്യാസം. കേരള പൊലീസിൽ ഇന്ത്യൻ റിസ‌ർവ്വ് ബറ്റാലിയന്റെ ഭാഗമാണിവർ.

''200 അംഗ തണ്ടർബോൾട്ട് സേനയിൽ പരിമിതമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് ഉള്ളത്. സേനയെ കൂടുതൽ ഓപ്പറേഷനുകൾക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് 100 ജാക്കറ്റുകൾ കൂടി വാങ്ങാനുള്ള തീരുമാനം''.

ഹരിലാൽ, കമാൻഡന്റ്, ഐ.ആർ ബറ്റാലിയൻ