ഇ - പോസ് മെഷീനും ഇ - ത്രാസുമായി ബ്ലൂടൂത്ത് ബന്ധം
തിരുവനന്തപുരം: റേഷൻകടകളിൽ നിന്ന് കരിഞ്ചന്തയിലേക്ക് ധാന്യം ചോരുന്നത് തടയാൻ ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇ-ത്രാസുകൾ വാങ്ങാൻ 6.5 കോടി രൂപ വകയിരുത്തി. ആദ്യം തിരുവനന്തപുരത്തെ പത്ത് റേഷൻ കടകളിൽ ഇത് നടപ്പാക്കും.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി രണ്ടു വർഷമായിട്ടും റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ കരിഞ്ചന്തയിൽ എത്താൻ കാരണം ഇ-പോസ് മെഷീനുമായി ത്രാസുകളെ ബന്ധിപ്പിക്കാത്തതാണെന്ന് നവംബർ ഒന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. 'ഭക്ഷ്യസുരക്ഷ @ 2 വർഷം; സുരക്ഷ കരിഞ്ചന്തയ്‌ക്ക് !'എന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഇ - പോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടൻ നടപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
റേഷൻ കടകളിൽ ഇപ്പോൾ ഉപയോഗിക്കുന്ന കടയുടമകളുടെ ത്രാസുകൾ ഇ - പോസ് മെഷീനുമായി ബന്ധിപ്പിക്കാൻ കഴിയില്ല. അതിനാൽ ആധുനിക ഇലക്ടോണിക് ത്രാസുകൾ വാങ്ങി നൽകും. ഇതിനായി ഉടൻ ടെൻഡർ ക്ഷണിക്കും.
കാർഡ് ഉടമയ്‌ക്ക് തന്നെ ധാന്യം കിട്ടുന്നുണ്ടോ എന്നതുൾപ്പെടെ റേഷൻ വിതരണം മൊത്തം സുതാര്യമാക്കാനാണ് ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചത്. ധാന്യങ്ങളുടെ അളവ് കൃത്യമാക്കാൻ ഇ - പോസുമായി ബന്ധിപ്പിക്കുന്ന ത്രാസും സ്ഥാപിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണമാണ് അത് നടപ്പാകാതിരുന്നത്.
ബ്ലൂടൂത്ത് ബന്ധം
ഇ-പോസ് മെഷീനെ ബ്ലൂടുത്ത് വഴി ബന്ധിപ്പിക്കുന്ന ത്രാസുകളാണ് വാങ്ങുക. അതോടെ സാധനങ്ങളുടെ അളവ് ബില്ലിൽ രേഖഖപ്പെടുത്തും. സിവിൽ സപ്ളൈസ് വകുപ്പിന്റെ സെർവറിലും അളവിന്റെ വിവരങ്ങൾ ലഭിക്കും.
ആകെ റേഷൻ കടകൾ 14,351
ആകെ റേഷൻ കാർഡുകൾ 81,13,363
'' പുതിയ ത്രാസുകൾ സ്ഥാപിക്കുന്നതോടെ അർഹതപ്പെട്ടവർക്കെല്ലാം കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ ലഭിക്കും"
- മന്ത്രി പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി