santhi-vila-farm

നേമം: സപ്തതിയിലേക്ക് കടക്കുന്ന നേമം ഗോരസ വ്യവസായ സഹകരണ സംഘത്തിന് നേട്ടങ്ങളെ കുറിച്ച് പറയാൻ ഏറെയുണ്ട്. പാലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് സംഘത്തിന്റെ വിജയത്തിന് കാരണം. മാത്രമല്ല മാതൃകാപരമായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യബോധവുമാണ് സംഘത്തെെ മുന്നോട്ട് നയിക്കുന്നത്. സംഘം ആരംഭിച്ച വർഷം തന്നെ സ്വന്തമായുള്ള 1.60 ഏക്കർ ഭൂമി ശാന്തിവിള ന്യൂ യു.പി സ്കൂളിന്റെ പ്രവർത്തനത്തിനായി അനുവദിച്ചു. ശാന്തിവിള മാർക്കറ്റിന് എതിർവശം ക്ഷീര വ്യവസായത്തിനായി 35 സെന്റ് സ്ഥലവും മേലാംകോട് കളക്ഷൻ സെന്ററിനുള്ള സ്ഥലവും ഗോരസയുടെ പേരിലാണ്. നേമം, പൊന്നുമംഗലം, കല്ലിയൂർ പഞ്ചായത്തിന്റെ കുറച്ച് ഭാഗം, മേലാംകോട് മേഖലകളാണ് സംഘത്തിന്റെ അധികാര പരിധിയിലുള്ളത്. ശാന്തിവിളയിൽ പ്രവർത്തിക്കുന്ന ഫാമിൽ യൂറോപ്പുകാരികളായ ഹോൾസ്റ്റീൻ ഫ്രീസിയൻ (എച്ച്.എഫ്), ജേഴ്സി, ബ്രൗൺ എന്നീ ഇനത്തിൽപ്പെട്ട കിടാക്കൾ ഉൾപ്പെടെ 21 പശുക്കളുണ്ട്. നിത്യേന 200 ലിറ്റർ പാൽ ഫാമിൽ നിന്നു മാത്രം ലഭിക്കും. ഇവിടത്തെ പാലിന് ആവശ്യക്കാർ കൂടുതലാണ്. അതിനാൽ 15 ദിവസത്തേക്ക് മുൻകൂർ തുക അടച്ച് കാർഡ് പതിക്കും. ഇങ്ങനെയാണ് പാൽ വിതരണം നടക്കുന്നത്. കാലിത്തൊഴുത്തിന്റെ നിർമ്മാണത്തിന് മിൽക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം 3 ലക്ഷം രൂപയുടെ സബ്സിഡിയും ലഭിച്ചു.

സംഘത്തിന്റെ മേലാംകോടുള്ള സംഭരണ കേന്ദ്രത്തിൽ ദിനംപ്രതി 800 ലിറ്റർ പാൽ ലഭിക്കുന്നു. പാലിന്റെ ഗുണനിലവാരം പരിശോധിക്കാനായി മിൽകോ ടെസ്റ്റ്, ലാക്റ്റോ മീറ്റർ, മിൽക് അനലൈസർ എന്നീ സംവിധാനങ്ങളുണ്ട്. കൂടാതെ വെള്ളം അല്ലാത്ത മറ്റു മായങ്ങൾ ബ്ലോട്ടിംഗ് പേപ്പർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. ഡെയറി ഡെവലപ്മെന്റ് ഡിപാർട്ട്മെന്റ് അനുവദിച്ച 1 ലക്ഷം രൂപ ഉപയോഗിച്ചാണ് പാൽ പരിശോധനയ്ക്കുള്ള സംവിധാനം തയ്യാറാക്കിയത്.

കർഷകർക്ക് ക്ലാസുകൾ

സർക്കാർ നൽകുന്ന സബ്സിഡികളെ കുറിച്ച് കർഷകർക്ക് കൃത്യസമയത്ത് വിവരം നൽകാറുണ്ട്. കൂടാതെ വെറ്ററിനറി ഓഫീസർമാരുടെ ക്ലാസുകളും സംഭരണ കേന്ദ്രത്തിൽ നടത്തിവരുന്നു. പക്ഷേ കർഷകർ പലപ്പോഴും രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തുന്നത് സബ്സിഡികൾ പലതും പ്രയോജനപ്പെടുത്തുന്നതിൽ കാലതാമസം വരുത്തുകയാണ്.