ima-award

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 2018ലെ ഐ.എം.എ നമ്മുടെ ആരോഗ്യം മാദ്ധ്യമ അവാർഡിന് കേരളകൗമുദി കൊല്ലം ബ്യൂറോചീഫ് സി. വിമൽകുമാർ അ‌ർഹനായി. 2018 ഫെബ്രുവരി 7 മുതൽ 12 വരെ കേരളകൗമുദി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ അവയവദാന പദ്ധതിയിലുണ്ടായ അവിചാരിത തടസങ്ങൾ മൂലം നഷ്ടപ്പെടുന്ന ജീവനുകൾ എന്ന പരമ്പരയ്‌ക്കാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. അരലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

കൊല്ലം തട്ടാമല ആലുംകട പുത്തൻവീട്ടിൽ പരേതനായ കെ. ചന്ദ്രശേഖരന്റെയും ഗോമതിയുടെയും മകനാണ് വിമൽകുമാർ. 1992 മുതൽ കേരള കൗമുദി എഡിറ്റോറിയൽ ബോർഡംഗമാണ്. മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കിഷോർ സ്‌മാരക അവാർഡ്, പുത്തൂർ മിനിമോൾ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. കൊല്ലം ഇരവിപുരം കൃഷി അസിസ്‌റ്റന്റ് ഡയറക്ടർ എസ്. അംബികയാണ് ഭാര്യ. അഖിൽ , അഭിജിത് എന്നിവർ മക്കളാണ്.

അച്ചടിമാദ്ധ്യമ വിഭാഗത്തിൽ പ്രീതു നായർ (ടൈംസ് ഒഫ് ഇന്ത്യ), ശ്രീകണ്ഠൻ ജെ. ( മാതൃഭൂമി ) എന്നിവർക്ക് പുരസ്‌കാരം ലഭിച്ചു.എസ്. അനൂപ് ( മാതൃഭൂമി ന്യൂസ്), മികച്ച ദൃശ്യമാദ്ധ്യമ പുരസ്‌കാരത്തിന് അർഹനായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.വീണക്ക് മികച്ച സമൂഹമാദ്ധ്യമ അവാർഡ് ലഭിച്ചു. ഓൺലൈൻ വിഭാഗത്തിൽ സ്പെഷ്യൽ അവാർഡിന് ഡോ.നെൽസൺ ജോസഫ് (കൊച്ചി), ഡോ. ഷിനു ശ്യാമളൻ (തൃശൂർ ) എന്നിവർക്കും ലഭിച്ചു.പതിനായിരം രൂപയും പ്രശസ്‌തിഫലകവുമാണ് പുരസ്കാരം. നവംബർ 11ന് കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഐ.എം.എ. സംസ്ഥാന കൺവെൻഷനിൽ അവാർഡുകൾ വിതരണം ചെയ്യും.