നെയ്യാറ്റിൻകര: ഭർത്താവ് സനൽകുമാറിനെ മർദ്ദിച്ച് കാറിനടിയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സനലിന്റെ ഭാര്യ വിജി (28) ആവശ്യപ്പെട്ടു. പൊലീസ് ചട്ടപ്രകാരം അദ്ദേഹത്തിന് നിയമപാലകനായി തുടരാനുള്ള അവകാശം നഷ്ടമായ സ്ഥിതിക്ക് പിരിച്ചുവിട്ടശേഷം കേസിന്മേലുള്ള കോടതി നടപടികൾ തുടങ്ങണമെന്നും വിജി കേരളകൗമുദിയോട് പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങാൻ കൊടങ്ങാവിളയിലെ ഹോട്ടലിലേക്ക് പോയ സനലിന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് കാണുന്നതെന്ന് വിജി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. പുതിയ വീട് വയ്‌ക്കാൻ വായ്‌പയെടുത്ത ലക്ഷങ്ങളുടെ കടം ഇനി എങ്ങനെ വീട്ടും?. കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്ന് വിജി തേങ്ങിക്കരഞ്ഞുകൊണ്ട് പറയുന്നു. പ്ളസ് ടുവരെ പഠിച്ച വിജി വിവാഹിതയായശേഷം പഠനത്തിന് പോയില്ല.
മൂന്നര വയസുകാരൻ ആൽബിനും ഒന്നര വയസുള്ള എബിനും ജീവിതത്തിലെ നഷ്ടവും പ്രതിസന്ധിയും തിരിച്ചറിയാതെ അമ്മയുടെ മടിത്തട്ടിൽ ഇരിക്കുന്നു. വീട്ടിൽ അപ്രതീക്ഷിതമായി വന്ന സമപ്രായക്കാരായ കുഞ്ഞുങ്ങളുമൊത്ത് ഇടയ്‌ക്ക് ഓടിക്കളിക്കും. അമ്മയുടെ കണ്ണീർ കാണുമ്പോൾ ആ മടിത്തട്ടിലേക്ക് അവർ തലചായ്ക്കും.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊടങ്ങാവിള ജംഗ്ഷന് സമീപം സനൽ കാറിനടിയിൽപ്പെട്ട് ദാരുണമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചത്. കൊടങ്ങാവിള ജംഗ്ഷനിൽ വച്ചാണ് ഡിവൈ.എസ്.പി ഹരികുമാറുമായി വാക്കുതർക്കം ഉണ്ടായത്. കാറിടിച്ച് ഇരുപത് മിനിട്ടോളം റോഡരികിൽ സനൽ കിടന്നു. പിന്നീട് എത്തിയ പൊലീസ് എമർജൻസി വാഹനം വരുത്തി നെയ്യാറ്റിൻകര എസ്.ഐ സന്തോഷിന്റെ നിർദ്ദേശ പ്രകാരം നേരെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ സനലിനെ രക്ഷിക്കാമായിരുന്നെന്ന് ബന്ധുക്കളായ സ്ത്രീകൾ പറയുന്നു.
നാളെ ഡിവൈ.എസ്.പി
ഓഫീസിലേക്ക് പ്രകടനം
സനൽകുമാറിന്റെ മരണം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും വീട്ടുകാർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്താൻ ഇന്നലെ രാവിലെ സനൽകുമാറിന്റെ കാവുവിളയിലെ വീട്ടിൽ ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചതായി ചെയർമാൻ വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ ഡബ്ളിയു.ആർ. ഹീബ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ എന്നിവരും ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തു.