തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്രപ്പണിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (ഓഖി ഫണ്ട്) സ്‌പെഷ്യൽ പാക്കേജായി 2.04 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 458 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സഹായം.
മറ്റ് തീരുമാനങ്ങൾ
പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെടാത്ത മിശ്രവിവാഹിതർക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുള്ള വാർഷിക കുടുംബ വരുമാന പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കും.
കേരള പബ്ലിക് സർവീസ് കമ്മിഷൻ സർവീസ് വിഭാഗത്തിൽ നിന്ന് നിയമിതരാകുകയും, 2006 ജനുവരി ഒന്നിന് മുമ്പ് വിരമിച്ചതുമായ അംഗങ്ങൾക്ക് പെൻഷൻ പരിഷ്‌കരണത്തിന്റെ ആനുകൂല്യം ബാധകമാക്കും.
കാര്യവട്ടം ഗവ. കോളേജിൽ ഗണിത ശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തിക സൃഷ്ടിക്കാനുള്ള സർക്കാർ ഉത്തരവ് സാധൂകരിക്കും.
കൊച്ചി നഗരത്തിലെ കനാലുകളെ ഉൾക്കൊള്ളിച്ചുള്ള 'ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം" പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയാക്കാൻ തത്വത്തിൽ അംഗീകാരം.
തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ ഫ്ളൈ ഓവർ നിർമ്മാണത്തിന് 13.68 കോടിയുടെ ടെൻഡർ അംഗീകരിക്കാനുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷന്റെ അപേക്ഷ അംഗീകരിച്ചു.