ആറ്റിങ്ങൽ: മാമത്ത് ആറ്റിങ്ങൽ നഗരസയുടെ നേതൃത്വത്തിൽ നിർമ്മിച്ച മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഇന്നും വിവാദങ്ങളിൽ കുരുങ്ങി കിടക്കുകയാണ്. അതേസമയം നഗരമധ്യത്തെ സ്വകാര്യ സ്റ്റാൻഡ് സ്ഥലപരിമിതിയിലുമാണ്.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ഒരു ബസ് പുറത്തേയ്ക്ക് പോകുമ്പോഴും ഉള്ളിലേയ്ക്ക് കടക്കുമ്പോഴും ദേശീയപാതയിലുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് വളരെ വലുതാണ്.റോഡിലുണ്ടാകുന്ന ഇത്തരം ചെറിയ പ്രശ്നങ്ങൾ പോലും ഗതാഗത സംവിധാനത്തെയാകെ ബാധിക്കുന്നതാണ്.എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ആരംഭിച്ച മാമത്തെ സ്റ്റാൻഡ് അംഗീകൃത കന്നുകാലി ചന്തയായും ഡ്രൈവിംഗ് പരിശീലിക്കാനുള്ള ഇടമായും മാറി.
കൂടാതെ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളവുമാണ് .ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിനുള്ളിലാണ് സാമൂഹ്യ വിരുദ്ധർ രാത്രിയിൽ തങ്ങുന്നത്.നിലവിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മാമത്തേയ്ക്ക് മാറ്റി ഗതാഗത കുരുക്ക് പരിഹരിക്കാൻ നിർമ്മിച്ച സ്റ്റാൻഡിന്റെ അവസ്ഥയാണിത്.
ഗതാഗത കുരുക്ക് പരിഹരിക്കാൻ കുറച്ചെങ്കിലും കഴിയുന്ന മാമം ബസ് സ്റ്റാൻഡ് കേസിൽ കുരുക്കി വീണ്ടും പ്രശ്നം വഷളാക്കുന്നതും രാഷ്ട്രീയ തന്ത്രം തന്നെയെന്നാണ് ജന സംസാരം. ആറ്റിങ്ങൽ ഇങ്ങനെയൊക്കെ പോയാൽ മതിയെന്നാണ് അവരുടെ മനസിലിരിപ്പ്. അതിനെതിരേ ശക്തമായ മുന്നേറ്റം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ആറ്റിങ്ങൽ നിവാസികൾ പറയുന്നത്.
തർക്കങ്ങൾ
1) ബസ് സ്റ്റാൻഡ് ഭൂമിയെ ചൊല്ലി സ്വകാര്യ വ്യക്തി ആറ്റിങ്ങൽ മുനിസിപ്പൽ കോടതിയിൽ സമർപ്പിച്ച കേസായിരുന്നു പദ്ധതിക്ക് തടസമായത്. ഈ കേസിൽ നഗരസഭയ്ക്ക് എതിരായി വിധി വന്നു. അന്തിമ വിധി വരുന്നതുവരെ ഇരു കക്ഷികളും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നായിരുന്നു താല്ക്കാലിക വിധി. ഇതിനെതിരെ നഗരസഭ നൽകിയ തുടർഹർജി കോടതി തള്ളുകയായിരുന്നു. കോടതിയിൽ ഹർജി നൽകുന്നതിലുണ്ടായ കാലതാമസമാണ് നഗരസഭയുടെ തുടർ ഹർജി തള്ളാൻ കാരണമെന്നാണ് അറിയുന്നത്. ഇതിനിടെ ജനപ്രതിനിധികളും ആർ. ടി. ഒ അധികൃതരും ബസ് സ്റ്റാൻഡ് മാറ്റാൻ തിരക്കിട്ട് ശ്രമം നടത്തിയെങ്കിലും നടന്നില്ല. അന്നത്തെ ഭരണാധികാരികൾ നിസംഗ നിലപാട് എടുത്തതായാണ് പരക്കെ ആക്ഷേപം.
2)മാമത്തേയ്ക്ക് ബസ് സ്റ്റാൻഡ് മാറ്റിയാലും ഇന്നത്തെ നിലയിൽ പ്രശ്‌നങ്ങൾ തീരില്ല . വെറും 3 മിനിട്ടിന്റെ വ്യത്യാസത്തിൽ ഒടുന്ന സ്വകാര്യ ബസുകൾ 4 കിലോമീറ്റർ അധികം ഓടേണ്ടി വരും.ഇതിനുള്ള സമയവും ഇന്ധനനഷ്ടവും ആര് പരിഹരിക്കുമെന്നുമുള്ള തർക്കം ഉയർന്നു.ഒരു ദിവസം അഞ്ച് ലിറ്റർ ഡീസൽ ഇതിനായി അധികം കണ്ടെത്തേണ്ടി വരുമെന്നും ഇതിനെല്ലാം അധികൃതർ തന്നെ വഴി കണ്ടെത്തണമെന്നും സ്വകാര്യ ബസ് ഉടമകൾ പറഞ്ഞതോടെ ഇത് നടപ്പില്ലെന്നു തന്നെ ഉറപ്പായി.
ഉദ്ഘാടനം കഴിഞ്ഞിട്ട് 18 വർഷം
നിർമ്മാണം ആരംഭിച്ചത്.....1996 ൽ
സ്ഥലപരിധി....5 ഏക്കർ
ചെലവ്....8 ലക്ഷം രൂപ നിർമ്മാണം ....
9 ലക്ഷം രൂപ കൂടി ചെലവാക്കി വിശ്രമമുറിയും, അനുബന്ധ സംവിധാനങ്ങളും ഒരുക്കി.