labour

തിരുവനന്തപുരം:തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കും വിധം ഫാക്ടറി നിയമത്തിൽ ഭേദഗതി വരുത്തുന്നത് സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.തൊഴിൽ ശാലകളിലെ അപകടങ്ങളും തൊഴിൽ ജന്യരോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും വ്യവസായ ശാലകളുടെ പരിസരങ്ങളിൽ കഴിയുന്ന ജനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്താൻ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾക്കായി തൈക്കാട് റസ്റ്ര് ഹൗസിൽ സംഘടിപ്പിച്ച ആരോഗ്യസുരക്ഷിതത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫാക്ടറികളിലെ പരിശോധനാ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റ് അധിഷ്ഠിത സംവിധാനം നിലവിൽ വന്നിട്ടുണ്ട്.ഇതിന്റെ പ്രവർത്തനപുരോഗതി വിലയിരുത്തണം.ഫാക്ടറികളിലെ സുരക്ഷിതത്വം ഉടകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഉത്തരവാദിത്വമാണ്.ആവശ്യമായ എല്ലാ മുൻകരുതലുകളും ജാഗ്രതയും ഉടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.കെട്ടിടങ്ങളുടെയും യന്ത്രങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം.തൊഴിലുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ നിക്ഷിപ്തമാണ്.

കേരളത്തിലെ വ്യവസായ- തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ വകുപ്പിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കും.പരിശോധനയുടെ പേരിൽ തൊഴിലുടമകളെയും തൊഴിലാളികളെയും പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ല.എന്നാൽ സുരക്ഷാ സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പ് വരുത്താൻ സമയബന്ധിതമായി നടപടി സ്വീകരിക്കണം.

അപകടരഹിതവും രോഗവിമുക്തമവുമായ തൊഴിലിടങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം.കിലയുടെ സേവനവും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തണം.സംതൃപ്തമായ തൊഴിൽ മേഖല സൃഷ്ടിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപൻ, മീനാങ്കൽ കുമാരി, കെ.ജയകുമാർ, കെ.എസ്.സനൽകുമാർ, പനവൂർ ഹസനാർ ആശാൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ കെ.ജയചന്ദ്രൻ,ഇൻസ്പെക്ടർ എൻ.ജെ.മുനീർ എന്നിവർ പ്രസംഗിച്ചു.