തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. മന്ത്രി രാജിവയ്‌ക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യു.ഡി.എഫ് യോജിച്ച പോരാട്ടം നടത്തും. നിയമസഭാ സമ്മേളനത്തിലും പ്രശ്നം ഉന്നയിക്കും.
യോഗ്യത ഇല്ലാത്തവരെ കിട്ടാനില്ലാത്തതിനാലാണ് മന്ത്രിയുടെ ബന്ധുവിനെ നിയമിച്ചതെന്നത് ശുദ്ധ അസംബന്ധമാണ്. ഇന്റർവ്യൂവിൽ യോഗ്യരെത്തിയില്ലെങ്കിൽ വീണ്ടും അപേക്ഷ ക്ഷണിക്കണം. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത മാറ്റിയത് എന്തിനാണെന്ന് വിശദീകരിക്കാൻ മന്ത്രിക്കായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒ, എം.ഡി, ജനറൽ മാനേജർ നിയമനങ്ങളിൽ വിജിലൻസ് ക്ളിയറൻസ് വേണമെന്ന് മന്ത്രിസഭാ തീരുമാനം ജലീലിന് ബാധകമല്ലേ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.