നെയ്യാറ്റിൻകര : കൊടങ്ങാവിള ജംഗ്ഷനിൽ വച്ച് കാവുവിള സ്വദേശി സനൽകുമാർ മരിച്ച കേസിൽ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സനൽകുമാർ കാറിനടിയിൽപ്പെട്ടതിനു പിന്നാലെ ഇദ്ദേഹം കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. എന്നാൽ പതിനൊന്ന് മണിയോടെ സനൽകുമാർ മരണമടഞ്ഞതായ വിവരം ലഭിച്ചയുടനേ നെയ്യാറ്റിൻകരയിൽ നിന്നു മുങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി അവണാകുഴി ഭാഗത്തേക്ക് കാറിൽ കയറി രക്ഷപ്പെട്ട ഇദ്ദേഹം തമിഴ്നാട്ടിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
പൊലീസ് സംഘടനയുമായി അടുത്ത ബന്ധമുള്ള ഡിവൈ.എസ്.പി തലസ്ഥാനത്ത് തന്നെയുണ്ടെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വഞ്ചിയൂർ ജില്ലാ കോടതിയിലെ ഒരു അഭിഭാഷകനുമായി മറ്റൊരു മൊബെെൽ ഫോണിൽ ബന്ധപ്പെട്ടതായും സൂചനയുണ്ട്. ജാമ്യമില്ലാത്ത വകുപ്പായ 302 ൽ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളതെങ്കിലും കേസ് ചാർജു ചെയ്യപ്പെട്ടാൽ സാഹചര്യങ്ങളുടെ തെളിവിന്റെ ബലത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയായി കോടതി പരിഗണിച്ചേക്കുമെന്ന വിശ്വാസത്തിലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ശ്രമിക്കുന്നതത്രേ. സി.പി.എമ്മിലെ ജില്ലാ നേതാവിന്റെ ഒത്താശയുള്ളതായി പരക്കെ സംസാരമുണ്ട്. കോൺഗ്രസ് പ്രവർത്തകരെ പലരെയും രാഷ്ട്രീയമായി കേസുകളിൽപ്പെടുത്താൻ ബി. ഹരികുമാർ ശ്രമിച്ചതായും പരാതിയുണ്ട്. ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ രണ്ടു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം നടന്നപ്പോൾ ഡിവൈ.എസ്.പിയുടെ പക്ഷം പിടിച്ച നിലപാടിൽ അന്നേ എതിർപ്പ് രേഖപ്പെടുത്തിയിട്ടുള്ളതായി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി പറഞ്ഞു.
ഡിവൈ.എസ്.പിയെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി നെയ്യാറ്റിൻകര കാവുവിളയിലെ സനൽകുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പല കേസുകളിലും സി.പി.എം പറയുന്ന പ്രതിപ്പട്ടിക അംഗീകരിക്കുന്നത് ഇദ്ദേഹത്തിന്റെ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ ആർ. സെൽവരാജ്, നെയ്യാറ്റിൻകര സനൽ, സോളമൻ അലക്സ്, എം.ആർ. സൈമൺ, അവനീന്ദ്രകുമാർ, സജിൻലാൽ എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇവിടെ എത്തിയിരുന്നു. സനലിന്റെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും നഷ്ടപരിഹാരവും ഭാര്യ വിജിക്ക് സർക്കാർ ഉദ്യോഗവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.