തിരുവനന്തപുരം: അടുക്കളയിൽ നിന്ന് അരങ്ങിലെത്തിയ കുടുംബശ്രീ വനിതകൾ ഇപ്പോൾ മുഴക്കോലും കരണ്ടിയുമായി വീടൊരുക്കുന്ന തിരക്കിലാണ്. കുടുംബശ്രീ ജില്ലാമിഷൻ ആദ്യമായി നടത്തുന്ന വനിതാ മേസൻ പരിശീലനത്തിനും വീട് നിർമ്മാണത്തിനുമാണ് തലസ്ഥാനത്ത് തുടക്കമായത്. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി ഇരുനൂറിലേറെ കുടുംബശ്രീ പ്രവർത്തകർക്കാണ് പരിശീലനം നൽകുന്നത്. അടിത്തറ കെട്ടുന്നത് മുതൽ നിർമ്മാണം പൂർത്തിയാക്കി വീട് പൂശി പെയിന്റടിക്കുന്നതടക്കമുള്ള ജോലികൾക്കായി 53 ദിവസത്തെ സൗജന്യ പരിശീലനമാണ് നൽകുന്നത്. പ്ലംബിംഗ്, ഇലക്ട്രിഷ്യൻ ജോലികളും വനിതകളെ പഠിപ്പിക്കും. സർക്കാരിന്റെ ഭവനപദ്ധതികളിൽപ്പെടുന്ന വീടുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. പരിശീലനം പൂർത്തിയാകുമ്പോൾ നിർമ്മാണവും പൂർത്തിയാകും. പരിശീലനത്തിനായി വീടൊന്നിന് നാലു ലക്ഷം രൂപയാണ് ജില്ലാ കുടുംബശ്രീ മിഷൻ അനുവദിച്ചത്. സംസ്ഥാന നിർമ്മിതികേന്ദ്രം, ഗ്രാമീണ പഠന കേന്ദ്രം. എക്‌സ് ആർട്ട് ആലപ്പുഴ എന്നിവരാണ് പരിശീലകർ. പെരുങ്കടവിള, നെടുമങ്ങാട്, വാമനപുരം, പാറശാല, അതിയന്നൂർ, നേമം എന്നീ ബ്ലോക്കുകളിലാണ് നിർമ്മാണം നടക്കുന്നത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 30 വനിതകളാണ് ഒരു ബ്ലോക്കിൽ പരിശീലിക്കുന്നത്. 440 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം 53 ദിവസം കൊണ്ട് പൂർത്തിയാക്കും. ജില്ലയിലെ എല്ലാ ബ്ലോക്കിലെയും താത്പര്യമുള്ള കുടുംബശ്രീ പ്രവർത്തകർക്ക് വരും ദിവസങ്ങളിൽ പരിശീലനം നൽകും. താത്പര്യമുള്ളവർ സി.ഡി.എസ് മുഖേനയാണ് ജില്ലാ മിഷന് കത്ത് നൽകേണ്ടത്. പരിശീലന സമയത്ത് യൂണിഫോമും സേഫ്ടി ഹെൽമറ്റുമടക്കമുള്ളവ സൗജന്യമായി നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ത്രിതല പഞ്ചായത്തുകളുടെ ടെൻഡറില്ലാത്ത പത്ത് ലക്ഷത്തിൽ താഴെയുള്ള മരാമത്ത് പണികളും ചെയ്യാം.
വനിതകളെ വിവിധ തൊഴിൽ മേഖലകളിൽ പരിശീലിപ്പിച്ച് അവരെ കൂടുതൽ
കരുത്തുറ്റവരാക്കി മാറ്റാനാണ് ജില്ലാ മിഷന്റെ ഈ പദ്ധതി.
ഡോ. കെ.ആർ. ഷൈജു,
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ