പാർക്കിംഗിനെ ചൊല്ലിയുണ്ടായ കശപിശയിൽ ഡിവൈ.എസ്.പിയുടെ ധാർഷ്ട്യത്തിന്റെ ഫലമായിട്ടാണ് നെയ്യാറ്റിൻകര കൊടുങ്ങാവിളയിൽ സനൽകുമാർ എന്ന മുപ്പത്തിരണ്ടുകാരന്റെ ദാരുണമരണം സംഭവിച്ചത്. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് യുവാവിന്റെ കുടുംബം മാത്രമല്ല നാട്ടുകാരും ഇതുവരെ മോചിതരായിട്ടില്ല. ചൊവ്വാഴ്ച നെയ്യാറ്റിൻകര താലൂക്ക് ഹർത്താലിന്റെ ഫലമായി സ്തംഭിച്ചുകിടന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് സനൽകുമാറിന്റെ ജഡം സ്ഥലത്തെത്തിച്ചപ്പോഴുണ്ടായ വികാരവേലിയേറ്റം നാടിനെ ഒന്നാകെ മണിക്കൂറുകളോളം പിടിച്ചുലച്ചു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ദേശീയ പാതയിലെ ഗതാഗതം പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടർന്ന് ഏറെനേരം സ്തംഭിച്ചു. ഒടുവിൽ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ഉപരോധം അവസാനിച്ചത്. സനൽകുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് ജോലിയും നൽകണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത് . ഡിവൈ. എസ്.പിയുടെ നിലവിട്ട പെരുമാറ്റത്തിന്റെ ഫലമായിട്ടാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് പകൽപ്പോലെ വ്യക്തമായ സ്ഥിതിക്ക് നിരാലംബമായിത്തീർന്ന കുടുംബത്തിന്റെ സഹായത്തിനെത്തേണ്ട ധാർമ്മിക ബാദ്ധ്യത സർക്കാരിനുതന്നെയാണ്.
അടുത്തകാലത്തായി പാർക്കിംഗിനെച്ചൊല്ലിയും പിറകെ കുതിച്ചെത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഒതുങ്ങിക്കൊടുക്കാത്തതിനെയും ചൊല്ലി സംസ്ഥാനത്തുടനീളം കശപിശയും ഏറ്റുമുട്ടലുമൊക്കെ പതിവായിട്ടുണ്ട്. വാഹനപ്പെരുപ്പം കൂടിയതോടെ പൊതുനിരത്തുകൾ സ്ഥിരം സംഘർഷവേദികളാണിപ്പോൾ. കൊടുങ്ങാവിളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈ. എസ്.പിയുടെ കാറിനടുത്ത് സനൽകുമാർ തന്റെ കാർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് വാക്കേറ്റവും തുടർന്ന് മനുഷ്യത്വത്തിനു നിരക്കാത്ത ക്രൂരപ്രവൃത്തിയുമുണ്ടായത്. താൻ വഹിക്കുന്ന ഒൗദ്യോഗിക പദവിയാകാം ഡിവൈ.എസ്.പിയെ ക്രുദ്ധനും അഹങ്കാരിയുമാക്കിയതെന്നത് നിസംശയമാണ്. താൻ നേരിടുന്നത് പൊലീസിലെ ഉന്നതനെയാണെന്ന വിവരം യുവാവും അറിഞ്ഞിരിക്കില്ല. എന്തുതന്നെയായാലും വാക്കേറ്റം മൂത്ത് ഡിവൈ.എസ്.പി പിടിച്ചുതള്ളിയ സനൽകുമാർ റോഡിലേക്ക് വീണതും തത്സമയം പാഞ്ഞുവന്ന ഒരു കാറിടിച്ച് മൃതപ്രായനായതും നിർഭാഗ്യകരം തന്നെയാണ്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. വഴിമദ്ധ്യേതന്നെ യുവാവ് അന്ത്യശ്വാസം വലിച്ചിരുന്നു. യുവാവിനെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം പൊലീസ് സ്റ്റേഷനിലേക്ക് പോയതും പൊലീസിന്റെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിയായി.
കൈ അബദ്ധമാണെന്ന് വാദിച്ചാൽപ്പോലും തന്റെ പ്രവൃത്തിയാൽ റോഡിൽ വീണ് കാറിടിച്ച് പരിക്കേറ്റ് ചോരയിയൊലിപ്പിച്ചുകിടന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാതെ ഡിവൈ.എസ്.പി സംഭവസ്ഥലത്തുനിന്ന് ഒാടിയൊളിക്കുകയാണുണ്ടായത്. ഉത്തരവാദപ്പെട്ട ഒരു പൊലീസ് ഒാഫീസർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണിത്. കുറ്റകൃത്യം നടത്തിയശേഷം രംഗത്ത് നിന്ന് കൗശലപൂർവം നിഷ്ക്രമിക്കുന്ന ഏതൊരു ക്രിമിനലിനെയും പോലെ ഉത്തരവാദപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറിയാൽ തീർച്ചയായും അയാളുടെ സ്ഥാനം ഇനി പൊലീസിന് പുറത്തുതന്നെയാകണം. യൂണിഫോമിലായാലും അല്ലെങ്കിലും ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറേണ്ട പൊലീസ് ഉദ്യോഗസ്ഥർ കാക്കിയുടെയും തൊപ്പിയുടെയും അഹങ്കാരത്തിൽ സാധാരണ മനുഷ്യരോട് പലപ്പോഴും മയമില്ലാതെ പെരുമാറുന്നത് പതിവാണ്. ഇതിൽ ഇൗർഷ്യയുള്ളവർ ചില അവസരങ്ങളിൽ എതിരിടാൻ നിൽക്കുമ്പോഴാണ് ആശാസ്യമല്ലാത്ത രംഗങ്ങൾക്ക് വഴിവയ്ക്കുന്നത്. പൊലീസിലും ക്രിമിനൽ സ്വഭാവമുള്ളവർ ധാരാളമുള്ളതിനാൽ ഇത്തരം പശ്ചാത്തലമുള്ളവർ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾക്ക് പൊലീസ് സേന മൊത്തത്തിൽ ഉത്തരം പറയേണ്ട സ്ഥിതിയുമുണ്ട്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഉൾപ്പെട്ട സംഭവം ഇപ്പോൾ വലിയ ഒച്ചപ്പാട് സൃഷ്ടിക്കുമ്പോഴാണ് ആളിന്റെ പശ്ചാത്തലവും അത്രയൊന്നും തിളക്കമില്ലാത്ത പൂർവകഥകളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോശം പ്രതിച്ഛായ സൃഷ്ടിച്ച ഇത്തരത്തിലുള്ള ഒരാളെ നെയ്യാറ്റിൻകര പോലുള്ള ഒരു പ്രദേശത്തിന്റെ നിയമസമാധാന ചുമതല നൽകി നിയമിച്ചതിലെ അനൗചിത്യം ബന്ധപ്പെട്ട ഉന്നതാധികാരികൾ ഒാർക്കേണ്ടതായിരുന്നു.
ജനരോഷം തിളച്ചുമറിയുന്ന സാഹചര്യത്തിൽ ഡിവൈ.എസ്.പി കേസും വിചാരണയുമൊക്കെ നേരിടേണ്ടി വരുമെന്ന് തീർച്ച. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായുള്ള കേസുകളുടെ നാൾവഴികൾ പരിശോധിച്ചാൽ ഇരകൾക്ക് പലപ്പോഴും നീതി ലഭിക്കാറില്ലെന്നാണ് അനുഭവം. തങ്ങളുടെ കൂട്ടത്തിലുള്ളയാളെ രക്ഷപ്പെടുത്താൻ പൊലീസ് എല്ലാ പഴുതുകളും ഉപയോഗപ്പെടുത്തുമെന്നത് നിസ്തർക്കമാണ്. അതിക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് നിശ്ചയദാർഢ്യവും സമൂഹത്തിന്റെ സഹായവും ഉണ്ടെങ്കിലേ ദീർഘമായ നിയമയുദ്ധവുമായി മുന്നോട്ടുപോകാനാവൂ. ഉരുട്ടിക്കൊല പോലുള്ള അപൂർവം കേസുകളിൽ അത്തരം സമീപനം സ്വീകരിച്ചതുകൊണ്ടാണ് പൊലീസുകാരായ പ്രതികൾ ശിക്ഷിക്കപ്പെട്ടത്.