ആറ്റിങ്ങൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുറമ്പോക്ക് സ്ഥലമെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ വാക്കേറ്റം. പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് സംഭവം. പുനരധിവാസം ഉറപ്പാക്കാതെ വ്യാപാരികളെ ഒഴിപ്പിക്കാൻ കഴിയില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടത്. അതിനെക്കുറിച്ച് ഉന്നതാധികാരികളുമായി ചർച്ച ആവശ്യമാണെന്ന് അധികൃതർ പറഞ്ഞതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. വർഷങ്ങളായി ആറ്റിങ്ങൽ പട്ടണത്തിൽ കച്ചവടം നടത്തുന്നവരെ വികസനത്തിന്റെ പേരിൽ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും അവർക്ക് ജീവിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷം ഭൂമി ഏറ്റെടുക്കണമെന്നുമായിരുന്നു വ്യാപാരികളുടെ വാദം. പുനരധിവാസം ഉറപ്പാക്കാതെ റോഡുവികസനം നടപ്പാക്കാൻ ശ്രമിച്ചാൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും വ്യാപാരികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ നോട്ടീസ് നൽകിയ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുകതന്നെ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. ആറ്റിങ്ങലിൽ ടി.ബി ജംഗ്ഷൻ മുതൽ മൂന്നുമുക്കുവരെ പുറമ്പോക്ക് കൈയേറിയ 75 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അത് ഒഴിപ്പിച്ച് ദേശീയപാത അധികൃതർക്ക് നൽകുകയാണ് തങ്ങളുടെ ജോലിയെന്നും മറ്റ് കാര്യങ്ങളൊന്നും തങ്ങൾക്ക് അറിയില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നലെ രാവിലെ നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഉച്ചയ്‌ക്ക് ശേഷം വീണ്ടും ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.