തിരുവനന്തപുരം: വി.ആർ. പ്രേംകുമാറിനെ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ശബരിമലയിൽ മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽ പദവിയുള്ള സ്‌പെഷ്യൽ ഓഫീസറായി നിയമിക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂർ സബ്കളക്ടർ രേണു രാജനെ ദേവികുളത്ത് നിയമിക്കും.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല തീർത്ഥാടന കാലത്ത് സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ വെടിവയ്‌ക്കാൻ പോലും ഉത്തരവിടാൻ അധികാരമുള്ള ചുമതലയിലാണ് പ്രേംകുമാറിനെ നിയമിക്കുന്നത്. ഇതിനായി പ്രത്യേക തസ്‌തിക സൃഷ്ടിച്ചു. ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിക്കാൻ ചുമതലയുള്ള അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടായിരിക്കും പ്രേംകുമാർ.

ശ്രീറാം വെങ്കട്ടരാമന് ശേഷമാണ് വി.ആർ. പ്രേംകുമാർ ദേവികുളം സബ് കളക്‌ടറായത്. മൂന്നാറിലെ ഭൂമി വിഷയത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എയുമായി പ്രേംകുമാറിനും ഇടയേണ്ടി വന്നത് വീണ്ടും വിവാദമായിരുന്നു. മൂന്നാറിൽ അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടി പൂർത്തിയാക്കി വരുമ്പോഴാണ് പ്രേംകുമാറിനെ മാറ്റിയത്. ഇതുമായി ബന്ധപ്പെട്ടും എം.എൽ.എയുമായി തർക്കമുണ്ടായിരുന്നതായാണ് സൂചന. അതേസമയം രണ്ടര വർഷം സബ്കളക്ടറായ ആളെന്ന നിലയിലുള്ള സ്വാഭാവികമാറ്റമാണെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പറയുന്നത്. താരതമ്യേന ജൂനിയറായ പ്രേംകുമാർ ശബരിമലയിൽ നിർണായക തസ്തികയിലെത്തുമ്പോൾ എ.ഡി.ജി.പിമാരും ഐ.ജിമാരുമടക്കമുള്ള ഉന്നതർ നിർദ്ദേശം പാലിക്കുമോയെന്നതടക്കമുള്ള സംശയവുമുണ്ട്.
കൊല്ലം സബ്കളക്ടർ എസ്. ചിത്രയെ സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറാക്കും. ഐ.കെ.എം ഡയറക്ടർ, ഇ - നിയമസഭ നോഡൽ ഓഫീസർ എന്നീ അധിക ചുമതലകളും ഇവർ വഹിക്കും. തലശ്ശേരി സബ്കളക്ടർ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറായി നിയമിക്കും. കേരള അക്കാഡമി ഫോർ സ്‌കിൽ ആൻഡ് എക്‌സലൻസ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. അതതിടങ്ങളിലെ എ.ഡി.എമ്മുമാർക്ക് ഒഴിവ് വരുന്ന സബ് കളക്ടറുടെ ചുമതല ലഭിക്കും.