pol

തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവർ സേനയിലുണ്ടാവില്ലെന്ന് പൊലീസിന് സർക്കാരിന്റെ മുന്നറിയിപ്പ്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായാൽ തലയിൽ തൊപ്പിയുണ്ടാവില്ല. ജനപക്ഷത്തു നിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന സർക്കാരിന്റെ കർശന നിർദ്ദേശം അവഗണിച്ചുള്ള പോക്ക് അവസാനിപ്പിക്കണം. ഏതുഘട്ടത്തിലും സേനാംഗങ്ങൾ മാന്യത കൈവിടരുത്. കുഴപ്പക്കാരായ പൊലീസുകാർക്ക് സർക്കാർ നൽകുന്ന സന്ദേശം ഇതാണ്.

വാരാപ്പുഴയിലും കോട്ടയത്തും വീഴ്ച വരുത്തിയവർ അറസ്റ്റിലായിട്ടും ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ കിട്ടിയിട്ടും ഒരുവിഭാഗം പൊലീസുകാർ നല്ലപാഠം പഠിക്കുന്നില്ല.

നെയ്യാറ്റിൻകരയിൽ 32കാരൻ കാർ കയറി കൊല്ലപ്പെട്ട കേസിൽ പ്രതിയാക്കപ്പെട്ടത് ക്രമസമാധാനചുമതലയുള്ള ഡിവൈ.എസ്.പിയാണ്. കൃത്യനിർവഹണത്തിലെ വീഴ്ചയുടെ പേരിൽ മൂന്നു ഡസനോളം പൊലീസുകാർ സസ്പെൻഷനിലാണ്. എസ്.ഐമാർ അടക്കം കേസിൽ പ്രതികളാവുന്നു. വകുപ്പുതല അന്വേഷണവും മറ്റ് കുരുക്കുകളുമുണ്ട്.

എന്നിട്ടും പൊലീസിലെ ക്രിമിനലുകൾ വർദ്ധിക്കുകയാണ്. ഉരുട്ടിക്കൊലക്കേസിൽ പൊലീസുകാർക്ക് വധശിക്ഷ വിധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ തെറ്റുതിരുത്തൽ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനിടെയാണ് ഡിവൈ.എസ്.പി കൊലക്കേസിൽ പ്രതിയാക്കപ്പെട്ടത്. ''സർക്കാരിന്റെ പൊലീസ് നയത്തിന് അനുസരിച്ചാവണം പൊലീസ് പ്രവർത്തിക്കേണ്ടത്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാവും. നിയമത്തിലെ ഏറ്റവും ശക്തമായ വകുപ്പുകൾ പ്രകാരമുള്ള നടപടിയാവും കുഴപ്പക്കാർക്കെതിരേ കൈക്കൊള്ളുക. പിരിച്ചുവിടൽ മാത്രമല്ല, നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യും''-മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

പൊലീസ് ആക്ടിലെ 86-സി പ്രകാരം ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാനാവും. പെരുമാറ്റദൂഷ്യമോ ശാരീരിക-മാനസിക കുറവുകളോ കണ്ടാലും പിരിച്ചുവിടാം. പൊലീസ് ആക്ടിലെ 2012ലെ ഭേദഗതി പ്രകാരവും പിരിച്ചുവിടാം.

തുടരുന്ന ദുഃശീലങ്ങൾ

1) മൂന്നാംമുറ - സ്റ്റേഷനുകളിലും പുറത്തും മൂന്നാംമുറ തുടരുകയാണ്. യൂണിഫോമിലല്ലാത്തവരും നാട്ടുകാരോട് കൈത്തരിപ്പ് തീർക്കുന്നു

2) പക്ഷംചേരൽ - സാമുദായികമോ രാഷ്ട്രീയമോ ആയ പക്ഷംചേരലുകൾ നിർബാധം തുടരുന്നു. രാഷ്ട്രീയ-മാഫിയാ ബന്ധം ശക്തമായി

3) ചാടിപ്പിടിക്കൽ - വളവുകളിൽ മറഞ്ഞുനിന്ന് ചാടിവീണുള്ള വാഹനപരിശോധന ശക്തമായിട്ടുണ്ട്. പെറ്റിയടിക്കൽ രാപ്പകൽ ഭേദമില്ലാതെ

ജനങ്ങളോട്

മാന്യമായേ പെരുമാറാവൂ

ബലപ്രയോഗം പാടില്ല

പരുഷമായി തട്ടിക്കയറരുത്

പക്ഷപാതം വേണ്ട

സ്ത്രീസുരക്ഷയ്ക്ക് മുൻഗണന

''കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പിയെ ഉടനടി സസ്പെൻഡു ചെയ്തു. അന്വേഷണറിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാവും. ഒരു വിട്ടുവീഴ്ചയുമില്ല.''

- എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി