ramesh-chennithala

തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റലറി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും എതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള അപേക്ഷ ഗവർണ്ണർ നിരസിച്ച പശ്ചാത്തലത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റ് മാർഗ്ഗങ്ങൾ തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റലറിക്കും അനുമതി നൽകാൻ സർക്കാർ എടുത്ത തിരുമാനം. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വകാര്യ മദ്യമുതലാളിമാരെ സഹായിക്കാൻ ഗുരുതരമായ അഴിമതിയാണ് കാണിച്ചത്.

1988ലെ അഴിമതി നിരോധന നിയമം സെക്‌ഷൻ 15 പ്രകാരം അഴിമതി നടത്താനുള്ള ശ്രമവും അഴിമതിയായാണ് പരിഗണിക്കപ്പെടുന്നത്. ബ്രൂവറികൾക്കും ഡിസ്റ്റലറിക്കും നൽകിയ അനുമതി സർക്കാർ പിൻവലിക്കുകയും അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗവർണ്ണറും അനുമതി നിഷേധിച്ചതെന്നാണ് തന്നെ അറിയിച്ചത്. വൻ അഴിമതിക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റലറിക്കും സർക്കാർ അനുമതി നൽകിയത് എന്ന് പ്രതിപക്ഷം രേഖകൾ സഹിതം സ്ഥാപിച്ചതാണ്. അങ്ങനെ വരുമ്പോൾ കോടികളുടെ അഴിമതിക്കുള്ള നീക്കമാണ് സർക്കാർ ഈ വിഷയത്തിൽ നടത്തിയതെന്ന് വ്യക്തമാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.