നെടുമങ്ങാട്: വലിയമല എൽ.പി.എസ്.സി വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമി ഏറ്റെടുത്ത കരിപ്പൂര് വില്ലേജിലെ മല്ലമ്പറക്കോണം, നല്ലിക്കുഴി പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾ തെരുവിലുറങ്ങേണ്ട അവസ്ഥയിലാണ്. ആറ് മാസത്തിനകം നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന ഉറപ്പിന്മേൽ ഭൂമി ഏറ്റെടുത്ത് മൂന്ന് വർഷമായിട്ടും നഷ്ടപരിഹാരം അകലെയാണ്. ഭൂരിഭാഗം കുടുംബങ്ങളും ഇവിടെനിന്നു സ്ഥലം മാറിപ്പോയി. ശേഷിക്കുന്ന കുടുംബങ്ങൾക്ക് തകർച്ചയുടെ വക്കിലായ വീടുകൾ അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. മക്കളുടെ വിവാഹാവശ്യങ്ങൾക്ക് ഉൾപ്പെടെ വായ്പ എടുക്കാനോ വിൽക്കാനോ കഴിയുന്നില്ല. കാർഷികവിളകൾ സർക്കാർ ഏറ്റെടുത്തതായി നോട്ടീസ് നല്കിയതുകാരണം കൃഷി ചെയ്യാനുമാവുന്നില്ല. വാടക വീടുകളിൽ അഭയം തേടിയ നിർദ്ധന കുടുംബങ്ങൾക്ക് ഭൂമി സംബന്ധമായ രേഖകൾ ഇല്ലാത്തതിനാൽ നഗരസഭയുടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. തലമുറകൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഒരു സുപ്രഭാതത്തിൽ കുറേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗികമായി നോട്ടീസും നൽകി. കേന്ദ്രസർക്കാരിന്റെ വാല്യുവേഷൻ അനുസരിച്ച് വസ്തുവിന് വില നിശ്ചയിച്ചിരുന്നു. ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപനവും, താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തലും നടന്നു. പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിന്റെ തിരക്കിലാണ് അധികൃതർ ഇപ്പോൾ. 68 ഏക്കറാണ് എൽ.പി.എസ്.സിക്കായി ഏറ്റെടുത്തിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കി നഷ്ടപരിഹാര തുക വിതരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വലിയമലയിൽ ബഹുജന കൂട്ടയ്മ ചേർന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായരുടെ അദ്ധ്യക്ഷതയിൽ സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ എൻ.ആർ. ബൈജു സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, എസ്. മഹേന്ദ്രൻ ആചാരി, പുലിപ്പാറ വിജയൻ, അഖിലേഷ് കുമാർ, സജീവ്കുമാർ, റജി തുടങ്ങിയവർ സംസാരിച്ചു.