ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികദിനമാണ് നവംബർ 12. 1936 നവംബർ 12ന് സർ. സി. പി. രാമസ്വാമിഅയ്യരുടെ ഉപദേശപ്രകാരവും മഹാറാണി സേതു പാർവതീ ഭായിയുടെ പൂർണസമ്മതത്തോടെയും ശ്രീചിത്തിരതിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ചതാണ് ക്ഷേത്രപ്രവേശനവിളംബരം. ഇത് സതി നിരോധനത്തിന് ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമൂഹിക പരിഷ്ക്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
വിളംബരത്തിന്റെ പൂർണരൂപം:
ശ്രീ പത്മനാഭദാസ വഞ്ചിപാല സർ രാമവർമ്മകുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജ ബഹാദൂർ ഷംഷെർജംഗ്, നൈറ്റ് ഗ്രാന്റ് കമാൻഡർ ഓഫ് ദി ഇന്ത്യൻ എംപയർ, തിരുവിതാംകൂർ മഹാരാജാവ് തിരുമനസുകൊണ്ട് 1936 നവംബർ 12ന് ശരിയായ 1112 തുലാം 12ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം :
നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും, ആയത് ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്ന് വിശ്വസിച്ചും അതിന്റെ പ്രവർത്തനത്തിൽ അത് ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്ന് ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും നമ്മുടെ ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു.
ചരിത്രത്തിലെ സുവർണരേഖ
ക്ഷേത്രപ്രവേശന വിളംബരം ഹിന്ദുമത നവോത്ഥാന ചരിത്രത്തിലെ സുവർണരേഖയാണ്. സവർണരിലെ ഉത്പതിഷ്ണുക്കളും അവർണരിലെ പ്രതിഭാശാലികളും ഒന്നിച്ചണിചേർന്ന് നടത്തിയ സമരപോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ക്ഷേത്രപ്രവേശനവിളംബരം. തിരുവിതാംകൂറിലെ ഹിന്ദുക്കളിൽ 85 ശതമാനത്തിനും ക്ഷേത്രപ്രവേശനത്തിനെന്നല്ല, ക്ഷേത്രസമീപമുള്ള റോഡിലൂടെ നടക്കാനും അനുവാദമുണ്ടായിരുന്നില്ല. വൈക്കം സത്യാഗ്രഹം ക്ഷേത്രമതിലിന് പുറത്തുള്ള റോഡിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാനായിരുന്നു. അതിനുവേണ്ടി ഇരുണ്ട കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച ചിലരെക്കുറിച്ച് അറിയേണ്ടതുണ്ട്.
കന്യാകുമാരി ജില്ലയിൽ സ്വാമിത്തോപ്പിൽ ജനിച്ച അയ്യാവൈകുണ്ഠസ്വാമി (1809-1851)യാണ് തിരുവിതാംകൂറിൽ അയിത്തത്തിനെതിരായ കലാപത്തിന് തിരി കൊളുത്തിയത്. സമത്വസമാജം രൂപീകരിച്ച് പന്തിഭോജനം നടത്തുകയും മനുഷ്യരെല്ലാം ഒരു ജാതിയിൽ പെട്ടവരാണെന്നും, ജാതി ചോദിക്കുന്നവനും പറയുന്നവനും ഏറ്റവും വലിയ ജാതി ഭ്രാന്തനാണെന്നും അത്തരക്കാരെ അകറ്റിനിറുത്തണമെന്നും വൈകുണ്ഠസ്വാമി പറഞ്ഞു.
നവോത്ഥാന നായകനായ ശ്രീനാരായണഗുരു ദേവൻ സാമൂഹികമാറ്റത്തിനുവേണ്ടി ആത്മീയവും ഭൗതികവുമായ നിലപാടുകൾ സ്വീകരിച്ചു. അതിന് മഹാകവി കുമാരനാശാനെയും രാഷ്ട്രീയ നേതാവായ ടി.കെ. മാധവനെയും യുക്തിവാദിയായ സഹോദരൻ അയ്യപ്പനേയും ഡോ. പല്പുവിനേയും നടരാജഗുരുവിനേയും ഒപ്പം കൂട്ടി. എല്ലാ തുറയിലുമുള്ള പ്രതിഭാശാലികളുടെ ഐക്യവും മുന്നേറ്റവുമാണ് സാമൂഹിക മാറ്റത്തിന് അനുപേക്ഷണീയം എന്നു കണ്ട ക്രാന്തദർശിയായിരുന്നു അദ്ദേഹം. ശുഭ്രവസ്ത്രം ധരിച്ച്, മനുഷ്യൻ ഒന്നാണെന്ന് അരുളിചെയ്ത് പച്ചമനുഷ്യരുടെ ഇടയിൽ ജീവിച്ച ചട്ടമ്പി സ്വാമികളും അയ്യങ്കാളിയുംഉൾപ്പെടെ നവോത്ഥാന നായകർ വെട്ടിത്തെളിച്ച പാതയിലൂടെയാണ് ക്ഷേത്ര പ്രവേശനത്തിനായി ജനലക്ഷങ്ങൾ നടന്നു നീങ്ങിയത്. സദാനന്ദസ്വാമികളാകട്ടെ, ബ്രഹ്മനിഷ്ടാ മഠം സ്ഥാപിച്ച് ജാതി സമ്പ്രദായത്തെ വെല്ലുവിളിച്ചു. ജനിച്ചത് നായർ സമുദായത്തിലായിരുന്നെങ്കിലും, മനസിൽ നിന്ന് ജാതിയുടെ വേരുകൾ പിഴുതെറിഞ്ഞ മഹാനുഭാവനായിരുന്നു . അദ്ദേഹം അയ്യങ്കാളിയെ അമരക്കാരനായി അവരോധിക്കുകയും ചെയ്തു.
അന്വേഷണ കമ്മിഷൻ
ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം ക്ഷേത്രപ്രവേശനം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒൻപതംഗ സമിതിയെ തിരുവിതാംകൂർ സർക്കാർ നിയമിച്ചു. സമിതിയുടെ അദ്ധ്യക്ഷൻ മുൻ ദിവാൻ വി.എസ്. സുബ്രഹ്മണ്യയ്യർ ആയിരുന്നു. 1934 ജനുവരി 11ന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് അനുകൂലമായിരുന്നില്ല റിപ്പോർട്ട് . അവർണരെ ക്ഷേത്രത്തിൽ കയറ്റിയാൽ ആചാരത്തിനും വിശ്വാസത്തിനും വിഘ്നം വരുമെന്നും, അവർണർക്ക് പ്രവേശനം അനുവദിക്കുന്ന ഒരു സവർണക്ഷേത്രവും തിരുവിതാംകൂറിലില്ലെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ. പ്രത്യേകം നിയോഗിക്കപ്പെടുന്ന പരിഷത്തുമായി ആലോചിച്ച് വ്യവസ്ഥകൾക്കു വിധേയമായി ഭാഗികമായ ക്ഷേത്രപ്രവേശനം അനുവദിക്കുന്ന കാര്യം മഹാരാജാവിനു തീരുമാനിക്കാമെന്ന് സമിതി നിർദ്ദേശിച്ചു . രാജാവ് ക്ഷേത്രപ്രവേശനം അനുവദിക്കുകയായിരുന്നു. പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് നിർമ്മിച്ചിട്ടുള്ള എല്ലാ റോഡുകളും കുളങ്ങളും കിണറുകളും സത്രങ്ങളും മറ്റും ജാതി പരിഗണനയില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കുമായി തുറന്നു കൊടുക്കാമെന്നും സമിതി ശുപാർശ ചെയ്തു. ശുപാർശ 1936 മേയ് മാസത്തിൽ നടപ്പിൽ വന്നു.
( ലേഖകൻ ടി.ടി കേശവൻ ശാസ്ത്രി ഫൗണ്ടേഷന്റെ സെക്രട്ടറിയാണ് )