sub-collector

കല്ലമ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിൽ അപാകത ആരോപിച്ച് കല്ലമ്പലത്ത് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് വീണ്ടും ഉദ്യോഗസ്ഥർ മടങ്ങി. ഇന്നലെ രാവിലെ 11ഓടെ സബ്കളക്ടർ ഇമ്പശേഖറിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് അന്തിമ തീരുമാനമാകാത്തതിനെ തുടർന്ന് മടങ്ങിയത്. നിലവിലെ പാതയുടെ നടുക്കുനിന്നും ഇരുവശത്തേക്കും തുല്യമായി സ്ഥലമെടുക്കുമെന്നാണ് റവന്യു വകുപ്പ് അറിയിച്ചിരുന്നതെന്നും അതിൽനിന്നു വ്യത്യസ്‌തമായി സ്ഥലമെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും വ്യാപാരികളും നാട്ടുകാരും ആരോപിച്ചു. സ്ഥലമെടുപ്പിൽ നിരവധി കടകളും വീടുകളും നഷ്ടപ്പെട്ട് ഭൂഉടമകളും വ്യാപാരികളും കടക്കെണിയിലാകുമെന്നും സ്ഥലവാസികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന പള്ളിയുടെ മുൻഭാഗം നിലനിറുത്തുന്നതിന്റെ ഭാഗമായാണ് മറുവശത്ത് കൂടുതൽ ഭൂമി എടുക്കേണ്ടി വരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഈ ഭാഗം നിലനിറുത്തിക്കൊണ്ടു തന്നെ പ്രശ്‌നം പരിഹരിക്കാമെന്ന് വ്യാപാരി പ്രതിനിധികൾ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. ഇതുസംബന്ധിച്ച് വ്യാപാരികൾ നൽകിയ പരാതികൾ സബ്കളക്ടർ ഇമ്പശേഖർ പരിശോധിച്ചു. പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.