valiya

വിതുര: തൊളിക്കോട് പഞ്ചായത്തിലെ വലിയവേങ്കോട് ചെരുപ്പാണി റോഡിപ്പോൾ ശോചനീയാവസ്ഥയിലാണ്. റോഡിന്റെ തകർച്ച മൂലം ഇപകടങ്ങൾ തുടർകഥയാണ്. പൊൻപാറ മേമല റോഡിൽ നിന്നും തിരിയുന്ന ഭാഗം മുതൽ കാൽനടപോലും അസഹനീയ അവസ്ഥയിനാണ്. റോഡിന്റെ ടാറിഗ് മുഴുവൻ ഇളകി ചല്ലി തെറിച്ച് യാത്രചെയ്യാൻ പോലും കഴിയാതെ നശിച്ച് കിടക്കുകയാണ്. റോഡിന്റെ ചല്ലി ഇളകിയതിനാലാണ് അപകടങ്ങൾ വർദ്ധിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്രവാഹനങ്ങളും കാൽനട യാത്രക്കാരും വളരെ ബുദ്ധിമുട്ടിയാണ് ഇതു വഴി പോകുന്നത്. മാത്രമല്ല റോഡിന്റെ മധ്യ ഭാഗത്ത് ഉൾപ്പടെ പല ഭാഗത്തും വൻ കുഴികളും ഉണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഈ കുഴിയിൽ വീഴാതെ പലരും രക്ഷപെടുന്നത്. വലിയവേങ്കാട്-ചെരുപ്പാണി റോഡ് അടിയന്തരമായി ടാറിംഗ് നടത്തി വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എെ.എൻ.ടി.യു.സി നേതാവ് മേമല വിജയൻ അറിയിച്ചു.

റോഡ് തോടാകും

മഴക്കാലമായാൽ റോഡ് തോടാകുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിലെ വെള്ളം ഒഴുകിപ്പോകാൻ ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകുന്നത് റോഡിലൂടെത്തന്നെയാണ്. റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇവിടുത്തെ കുഴികളുടെ ആഴവും യാത്രക്കാർക്ക് അറിയാൻ കഴിയാറില്ല. വെള്ളം വറ്രിക്കഴിഞ്ഞാൽ റോഡിലെ തന്നെ ചരലും മണ്ണും അടിഞ്ഞു കൂടുന്നതും പതിവാണ്. മഴക്കാലമായാൽ ഈ റോഡ് ദിവസങ്ങളോളം ഗതാഗത യോഗ്യമല്ലാതായി മാറും.

മീനങ്കൽ, ഉരുളുകുന്ന്, ചെരുപ്പാണി എന്നീ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രധാന ആശ്രയിക്കുന്ന പ്രധാന റോഡാണ് ഇത്. മാത്രമല്ല, അനവധി സ്കൂൾ വാഹനങ്ങളും ഈ റോഡ് വഴിയാണ് പോകുന്നത്. റോഡിന്റെ തകർച്ച മൂലം പല വാഹനങ്ങളും ഇവിടെ മറിഞ്ഞിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് ദുരന്തയാത്രയായിട്ടും റോഡ് നന്നാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

സമരപെരുമഴ

റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരങ്ങൾക്ക് എണ്ണമില്ല. നിരവധി നിവേതനങ്ങളും അധികൃതർക്ക് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചു കഴിഞ്ഞാൽ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഫണ്ട് അനുവദിച്ചിട്ടും പണി കടലാസിൽ

വലിയവേങ്കാട്-ചെരുപ്പാണി റോഡ് ടാറിംഗ് നടത്തുന്നതിനായി അനവധി തവണ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിക്കാറുണ്ടെങ്കിലും പണി കടലാസിലുറങ്ങുകയാണ് പതിവ്. റോഡ് പണി നടത്താത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്ക്കരണം വരെ നടത്തി നോക്കിയെങ്കിലും ഫലമില്ല.