തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവ് നടക്കുന്ന ഈ കാലഘട്ടത്തിൽ മതേതരത്വം ഉയർത്തിപ്പിടിച്ച നേതാവാണ് ആർ.ശങ്കറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർ.ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 46ാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശങ്ങൾ ഉൾകൊണ്ട് പ്രവർത്തിച്ച നേതാവാണ് ആർ.ശങ്കർ. എസ്.എൻ.ഡി.പി യോഗത്തിനും കോൺഗ്രസിനും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്‌മരിക്കാനാകാത്തതാണ്.
ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനാണ് ആർ.ശങ്കറെന്ന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം കൊണ്ടുവന്ന നേതാവായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പൂർണമായും ഉൾക്കൊണ്ട് അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിൽ നിന്ന് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന വ്യക്തിത്വമായിരുന്നു ആർ.ശങ്കറെന്നും മുല്ലപ്പള്ളി പറഞ്ഞു.
മൂന്നാമത് ആർ.ശങ്കർ പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് ചടങ്ങിൽ സമ്മാനിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എസ് ഫൈസൽ ഖാൻ, ദാമോദരൻ മുംബയ് എന്നിവരെയും ആദരിച്ചു. ആർ.ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, സി.ദിവാകരൻ എം.എൽ.എ, എം.വിജയകുമാർ, നെയ്യാറ്റിൻകര സനൽ, ശൂര്യനാട് രാജശേഖരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, സി.ആർ.ജയപ്രകാശ്, ലാൽ വർഗീസ് കൽപ്പകവാടി, എം.ആർ തമ്പാൻ, വിജയൻ തോമസ്, സി.സുരേന്ദ്രൻ, കുന്നുകുഴി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.