kerala-ministry-

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. 27 മുതൽ ഡിസംബർ 13 വരെയാവും സമ്മേളനം. 26ന് തുടങ്ങാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ 25ന് കാസർകോട്ട് നടക്കുന്ന മന്ത്രി ഇ. ചന്ദ്രശേഖരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം പിറ്റേന്ന് എല്ലാവർക്കും തലസ്ഥാനത്തെത്താൻ ബുദ്ധിമുട്ടാവുമെന്നതിനാലാണ് 27ന് ചേരാൻ ധാരണയായത്.

കാലിക്കറ്റ് സർവകലാശാലാ നിയമ ഭേദഗതി ഓർഡിനൻസ് ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച സാഹചര്യത്തിൽ നിയമസഭാസമ്മേളന തീയതി നിശ്ചയം മാറ്റിവയ്‌ക്കുകയായിരുന്നു. സമ്മേളനത്തീയതി തീരുമാനിച്ചാൽ ഓർഡിനൻസ് പരിഗണിക്കാനാവില്ല. ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ പാസാക്കാനാണ് നിയമസഭാസമ്മേളനം ചേരുന്നത്.
അടുത്ത ആഴ്ചത്തെ മന്ത്രിസഭാ യോഗം 13ന് ചൊവ്വാഴ്ച ആയിരിക്കും. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ് 14ന് കാസർകോട്ട് നടക്കുന്നതിനാലാണിത്. ശബരിമല കേസിലെ റിവ്യൂ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതും 13നാണ്.