നെയ്യാറ്റിൻകര: ഇലക്ട്രിക്കൽ തൊഴിലാളിയായ നെയ്യാറ്റിൻകര കാവുവിള സ്വദേശി സനൽകുമാർ കൊല്ലപ്പെട്ട കേസിൽ സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതിയായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പരക്കെ പ്രതിഷേധം.
പ്രതിയെ പൊലീസ് അസോസിയേഷൻ നേതാവിന്റെ സഹായത്തോടെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും, മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വഴിയൊരുക്കാനാണ് അറസ്റ്റ് വൈകുന്നതെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
ഇന്നലെയും സനലിന്റെ കൊടങ്ങാവിളയിലെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കളും എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്നലെ രാവിലെ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊടങ്ങാവിളയിൽ വച്ച് സനൽകുമാറിനെ കാർ മാറ്റിക്കൊടുത്തില്ലെന്ന കാരണത്താൽ ഡിവൈ.എസ്.പി ബി. ഹരികുമാർ മർദ്ദിക്കുകയും റോഡിലേക്ക് പിടിച്ചു തള്ളുകയും ചെയ്തതായി ആരോപണമുയർന്നത്. എതിരെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സനൽകുമാർ പിന്നീട് പൊലീസ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്. ജുവലറി ഉടമയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീടിന് എതിരെയുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സനൽകുമാർ. ബിനുവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ പൊലീസ് ഓഫീസർ, താൻ വന്ന സ്വകാര്യ കാറിന്റെ മുന്നിൽ കിടക്കുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സനൽകുമാർ ഓടിയെത്തി കാർ മാറ്റിയെങ്കിലും, കരണത്തടിക്കുയും പിന്നീട് ' നീ ഇനിയും പോയില്ലേടാ' എന്നാക്രോശിച്ച് റോഡിലേക്ക് ആഞ്ഞു തള്ളുകയും ചെയ്തെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സനലിന്റെ കാറിന്റെ താക്കോലെടുത്ത് ഡിവൈ.എസ്.പി മുകളിലേക്ക് എറിയുകയും ചെയ്തു. ഈ താക്കോൽ പിറ്റേന്നും റോഡരികിലെ മരത്തിന്റെ ശിഖരത്തിൽ തട്ടിക്കിടപ്പുണ്ടായിരുന്നു.
ഡിവൈ.എസ്.പി ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ പ്രവർത്തനം തുടങ്ങി.
സനലിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലിയും അൻപതു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്ന് കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റും ജനകീയ കൂട്ടായ്മ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ മന്ത്രി കടന്നപ്പള്ളിയോട് അഭ്യർത്ഥിച്ചു. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ വീട്ടിൽ നടത്തും. അതിനുശേഷം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. തിരുവനന്തപുരം ഗവ. പ്രസിൽ ജോലിയുണ്ടായിരുന്ന സനൽകുമാറിന്റെ പിതാവ് സോമരാജൻ പെൻഷൻ പറ്റുന്നതിന് നാളുകൾക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു. കടവും മറ്റ് പരാധീനതകളുമാണ് കാരണം. കുടുംബത്തിലെ കടഭാരം സനലിന്റെ രാപ്പകലില്ലാത്ത അദ്ധ്വാനത്താൽ ഏതാണ്ട് വീട്ടാനായി. പിന്നീട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുത്താണ് പുതിയ വീട് വയ്ക്കുകയും ആൾട്ടോ കാർ വാങ്ങുകയും ചെയത്. എല്ലാം ഒരുനാൾ കൊണ്ട് അസ്തമിച്ചതിന്റെ നിസഹായതയിലാണ് സനലിന്റെ ഭാര്യ വിജിയും പറക്കമുറ്റാത്ത രണ്ട് മക്കളും.