തിരുവനന്തപുരം: പ്രളയ പുനനിർമ്മാണത്തിനായുള്ള റീബിൽഡ് കേരള പദ്ധതിയിൽ നേരത്തേ പ്രത്യേകം പരാമർശിക്കാതിരുന്ന കൃഷി, ജലസേചനം, മലോയരമേഖലാ വികസനം, മത്സ്യബന്ധനം എന്നീ മേഖലകളെക്കൂടി പ്രത്യേകം പരിഗണിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പദ്ധതി തയ്യാറാക്കിയപ്പോൾ കൃഷിയുൾപ്പെടെയുള്ള മേഖലകളെ ജീവനോപാധികളുടെ കൂട്ടത്തിലാണ് പെടുത്തിയിരുന്നത്. ഇത് ധനസഹായം കൂടുതൽ ലഭ്യമാക്കാനും പുനനിർമ്മാണത്തിനും വിലങ്ങുതടിയാവുമെന്ന് വിവിധ വകുപ്പുകൾ പരാതിപ്പെടുകയുണ്ടായി. ഇതേത്തുടർന്നാണ് ഇവയെ പ്രത്യേകം ഉൾപ്പെടുത്തിയത്.
ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പദ്ധതി നടത്തിപ്പിനുള്ള ഉപസമിതികൾ വിപുലീകരിക്കും. അജൻഡയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇന്നലെ മന്ത്രിസഭായോഗം ഇത് പരിഗണിച്ചത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉപദേശക സമിതിയുടെ നിയന്ത്രണത്തിലാണ് പുനനിർമ്മാണ പദ്ധതികളുടെ ആസൂത്രണം. പ്രവർത്തനങ്ങളുടെ പരമാധികാരം മന്ത്രിസഭയ്ക്കാണ്. ഇതിനായി രൂപീകരിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയ മേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.