കിളിമാനൂർ: 2018-19 അക്കാഡമിക് വർഷത്തെ സ്കൂൾ ഗ്രാന്റ് തുക എസ്. എസ്.എ.വർദ്ധിപ്പിച്ചു.മുൻവർഷങ്ങളിൽ എൽ.പി വിദ്യാലയങ്ങൾക്ക് 5000 രൂപയും യു. പി വിദ്യാലയങ്ങൾക്ക് 7000 രൂപയുമാണ് നൽകിയിരുന്നത്. ഈ വർഷം മുതൽ വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് ഗ്രാന്റ് നൽകുന്നത്. 1 മുതൽ 100 വരെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്ക് 12500 രൂപയും, 101 മുതൽ 250 വരെ 25000 രൂപയും, 251 മുതൽ 1000 വരെ 37500 രൂപയും 1000 നു മുകളിൽ 50000 രൂപയുമാണ് നൽകുന്നത്. കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ 39 സർക്കാർ വിദ്യാലയങ്ങൾക്ക് ഇതിന്റെ ഭാഗമായി ആകെ 987500 രൂപ ലഭിച്ചു. സ്കൂൾ ഗ്രാന്റിന്റെ 60% എസ്. എസ് .എ .യും 40 % ഗ്രാമ, ജില്ലാ പഞ്ചായത്തുമാണ് നൽകുന്നത്. ഉപജില്ലയിലെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ. എച്ച് .എസ് .കിളിമാനൂർ, ഗവ. എച്ച് .എസ് നാവായിക്കുളം സ്കൂളുകൾക്ക് കഴിഞ്ഞ വർഷം 7000 രൂപ സ്കൂൾ ഗ്രാന്റ് ഇനത്തിൽ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം 50000 രൂപയാണ് ലഭിച്ചിരിക്കുന്നത്. സ്വകാര്യ എയിഡഡ് വിദ്യാലയങ്ങൾക്ക് കേന്ദ്ര മാനവ വികസന ശേഷി വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ ഗ്രാന്റ് ഈ വർഷം മുതൽ എസ് .എസ് .എയ്ക്ക് നൽകാനാകില്ല .എയിഡഡ് വിദ്യാലയങ്ങൾക്ക് വലിയ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങൾക്കും പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഗ്രാന്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. എസ്. സുജിത്ത് ,വാർഡ് മെമ്പർമാരായ നിഷ എ.എസ് താഹിറ ബീവി, പ്രസന്ന ,ട്രെയിനർ വൈശാഖ് കെ. എസ്, പ്രഥമാധ്യാപകർ, കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.