suply-co

തിരുവനന്തപുരം: വെട്ടിക്കുറച്ച സബ്സിഡി പ‌ഞ്ചസാര വിഹിതം സപ്ളൈകോ പുനഃസ്ഥാപിച്ചു. ഇനി റേഷൻ കാർഡിന് ഒരു കിലോഗ്രാം സബ്സിഡി പഞ്ചസാര ലഭിക്കും. ഒക്ടോബർ ഒന്നു മുതലാണ് പഞ്ചസാര അരക്കിലോ ഗ്രാമായി വെട്ടിക്കുറച്ചത് പ്രാബല്യത്തിൽ വന്നത്. ഇക്കാര്യം സെപ്‌തംബർ 28ന് കേരളകൗമുദി റിപ്പോർട്ടു ചെയ്‌തിരുന്നു. തുടർന്നാണ് തീരുമാനം പുനഃപരിശോധിച്ചത്. ഇന്നലെ ഒരു കിലോഗ്രാം തോതിൽ വിതരണം ആരംഭിച്ചു.

സബ്സിഡി അരിയുടെ വിതരണത്തിലെ പഴയ ക്രമീകരണവും തിരികെ കൊണ്ടുവന്നു. സബ്സിഡി നിരക്കിലെ അരി വിതരണം രണ്ടാഴ്‌ചയിലൊരിക്കൽ അഞ്ച് കിലോയാക്കിയ തീരുമാനം മാറ്റി മാസത്തിലൊരിക്കൽ പത്തു കിലോയാക്കണമെന്നാണ് ഉത്തരവ് ഇറങ്ങിയത്. പൊതുവിപണിയിൽ ഇടപെടുന്നതിനായി വി.എസ് സർക്കാരിന്റെ കാലത്താണ് സപ്ളൈകോ വഴി പഞ്ചസാരയുൾപ്പെടെ 13 അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കിയത്.

എന്നാൽ സപ്ളൈകോയുടെ സാമ്പത്തികനില മോശമായതോടെ സബ്സിഡി ഇനങ്ങൾ വെട്ടിക്കുറച്ചു. കഴിഞ്ഞ മാസം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് സബ്സിഡി കുടിശിക ലഭിച്ചതോടെ വെട്ടിക്കുറച്ചവ പുനഃസ്ഥാപിക്കുകയായിരുന്നു. അതേസമയം സബ്സിഡി വെളിച്ചെണ്ണ അളവ് ഒന്നിൽ നിന്ന് അര ലിറ്ററാക്കിയത് പുനഃസ്ഥാപിച്ചിട്ടില്ല.

പഞ്ചസാര വില

സപ്ളൈകോ കിലോഗ്രാമിന് : 22 രൂപ
പൊതു വിപണി : 34 - 38 രൂപ വരെ

അരി

സപ്ളൈകോ : 25

പൊതുവിപണി : 35 - 40