മലയിൻകീഴ്: മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മന്ദിര നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്തുന്നതായി വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ബാബുകുമാർ, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ മലയിൻകീഴ് വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.വിദ്യാഭാസ വകുപ്പ് അറിയാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും കടത്തുന്ന മണ്ണ് നെയ്യാറ്റിൻകര താലൂക്കിലെ സ്വകാര്യ പാടങ്ങൾ ഉൾപ്പെടെ നികത്താൻ വേണ്ടിയാണ്.
ആനപ്പാറ കുന്നിൻ മുകളിൽ സ്വാഭാവിക ഭൂനിരപ്പിൽ കെട്ടിടം നിർമ്മിക്കാൻ രൂപരേഖ തയാറാക്കിയ ശേഷം പദ്ധതി അട്ടിമറിച്ചാണ് മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിലെ നിരത്തിനോട് ചേർന്ന് ബഹുനില മന്ദിരം പണിയാൻ പുതിയ രൂപരേഖ തയ്യാറാക്കിയത്. റോഡിനോട് ചേർന്നുള്ള സ്കൂൾ മതിലിന്റെ മറവിൽ നിരവധി ലോഡ് മണ്ണ് നീക്കം ചെയ്യാൻ ഐ.ബി.സതീഷ് എം.എൽ.എ രക്ഷാധികാരിയായ സമിതിയാണ് തീരുമാനിച്ചതെന്ന് മലയിൻകീഴ് വേണുഗോപാൽ ആരോപിച്ചു. മണ്ണ് നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത്, മൈനിംഗ് ആൻഡ് ജിയോളജി, എൻനിയറിംഗ് വിഭാഗം എന്നിവരൊന്നും അറിയാതെ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിന് കുന്നിടിച്ച് നിരത്താൻ എന്തധികാരമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് എ. ബാബുകുമാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി, മണ്ഡലം പ്രസിഡന്റുമാരായ എസ്. ഗോപകുമാർ,ബൈജു മലവിള, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജി. പങ്കജാക്ഷൻ,യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഷാജി, ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.