തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ഗവർണർ പി. സദാശിവം. ഇരുവർക്കുമെതിരേ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നാല് കത്തുകളും ഗവർണർ തള്ളി. ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും തത്വത്തിൽ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിയെന്ന സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മറുപടിക്കത്തിൽ ഗവർണർ വ്യക്തമാക്കി.
കുറ്റം ചെയ്താൽ മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്നു ബോദ്ധ്യപ്പെട്ടാലും അന്വേഷണം നടത്തി കേസ് എടുക്കാമെന്ന് അഴിമതി നിരോധന നിയമത്തിലെ 15-ാം ചട്ടത്തിലുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. അനുമതി പിൻവലിച്ചെങ്കിലും അഴിമതിക്കു ശ്രമം നടത്തിയെന്ന അഴിമതി നിരോധന വകുപ്പിലെ സെക്‌ഷൻ 13 പ്രകാരവും ഐ.പി.സിയിലെ ക്രിമിനൽ ഗൂഢാലോചനയ്ക്കുള്ള 120 ബി പ്രകാരവും കേസെടുക്കാവുന്നതാണെന്നും കത്തിലുണ്ടായിരുന്നു. ലൈസൻസുകൾ റദ്ദാക്കിയതിനാൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ലെന്നാണ് ഗവർണറുടെ നിലപാട്. 'തെറ്റുണ്ടായിട്ടുണ്ടെങ്കിൽ തന്നെ തിരുത്തിയില്ലേ' എന്നായിരുന്നു ബ്രൂവറികളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്. ഇതുകൂടി പരിശോധിച്ചായിരുന്നു ഗവർണർ തീരുമാനമെടുത്തത്.